പാലക്കാട് കല്ലടിക്കോട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മൂന്നേക്കര്‍ മരുതംകോട് സ്വദേശി ബിനു, നിധിന്‍ (26) എന്നിവരാണ് മരിച്ചത്. നിധിനെ കൊലപ്പെടുത്തിയശേഷം ബിനു സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമികവിവരം. നിധിന്‍ കൂലിപണിയെടുത്താണ് ജീവിക്കുന്നത്. അതേസമയം ടാപ്പിങ് തൊഴിലാളിയാണ് ബിനു. ബിനുവിൻ്റെ മൃതദേഹത്തിന് സമീപം നാടൻ തോക്ക് കണ്ടെത്തിയിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ ഐ പി എസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം രണ്ടുപേരും മരിച്ചത് വെടിയേറ്റെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍ സ്ഥിരീകരിച്ചു. വെടിവച്ചതിന്റെ രണ്ടു മണിക്കൂര്‍ മുമ്പ് വരെ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുകയുള്ളു. അതേസമയം, ബിനു കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചുവെന്ന് നിഥിന്‍ പറഞ്ഞിരുന്നതായി അമ്മ ഷൈല പറഞ്ഞു. എന്താണ് മോശമായി പറഞ്ഞതെന്ന് മാത്രം നിഥിന്‍ തന്നോട് പറഞ്ഞില്ല. വൈകിട്ട് മകന്‍ കൊല്ലപ്പെട്ടു എന്നാണ് പിന്നീട് അറിയുന്നതെന്നും ഷൈല പറഞ്ഞു.

