പാലക്കാട് പുതുപ്പരിയാരം മാട്ടുമന്ദ ചോളോട് സ്വദേശിനിയായ മീരയെ(29) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭർത്താവ് അനൂപിന്റെ മർദനമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഭർത്താവിൻ്റെ മർദനത്തെ തുടർന്ന് മീര ഇന്നലെ സ്വന്തം വീട്ടിലെത്തിയിരുന്നു. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാമെന്ന് വീട്ടുകാർ പറഞ്ഞിരുന്നെങ്കിലും, രാത്രിയോടെ ഭർത്താവ് നിർബന്ധിച്ച് തിരികെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ ഹേമാംബിക നഗർ പൊലീസാണ് മീര മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. ഒരു വർഷം മുൻപാണ് പുതുപ്പരിയാരം സ്വദേശി അനൂപുമായുള്ള മീരയുടെ രണ്ടാം വിവാഹം നടന്നത്. അനൂപ് നിരന്തരം മർദിക്കാറുണ്ടായിരുന്നെന്ന് മീര പരാതി പറഞ്ഞിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

