Site icon Janayugom Online

പാലാരിവട്ടം മേല്‍പ്പാലം; ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത് റദ്ദാക്കി ഹൈക്കോടതി

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അപാകതയെ തുടര്‍ന്ന് കരാര്‍ കമ്പനിയായ ആര്‍ഡിഎസ് പ്രോജക്ടിനെ കരിമ്പട്ടികയില്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. അഞ്ച് വര്‍ഷത്തേക്ക് സര്‍ക്കാര്‍ ടെണ്ടറുകളില്‍ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എന്‍ജിനീയറുടെ നടപടി ചോദ്യം ചെയ്ത് കമ്പനി സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കാരണം കാണിക്കാതെയാണ് തങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തിയതെന്നായിരുന്നു കമ്പനിയുടെ വാദം. ആരോപണ വിധേയരായവരുടെ വിശദീരണങ്ങളടക്കം കേട്ട് കാരണ സഹിതം വേണം നടപടിയെടുക്കാനെന്ന കോടതി ഉത്തരവുകളൊന്നും സര്‍ക്കാര്‍ പാലിച്ചിട്ടില്ല മേല്‍പ്പാലം പുതുക്കി പണിയേണ്ടി വന്നതുമായി ബന്ധപ്പെട്ട് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ കരാര്‍ ലംഘനം നടത്തി. ഉദ്ഘാടനം നടത്താന്‍ 2016 ല്‍ മഴക്കാലം വകവെക്കാതെ പണി പൂര്‍ത്തിയാക്കേണ്ടി വന്നു. 1992 മുതല്‍ നിര്‍മ്മാണ രംഗത്തുള്ള തങ്ങള്‍ ഇന്ത്യയൊട്ടാകെ 100 ലേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയെന്നും 45 പദ്ധതികള്‍ കേരളത്തിലാണെന്നും ഇവയില്‍ 23 എണ്ണം പാലങ്ങളാണെന്നും ആര്‍ഡിഎസ് വാദിച്ചു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ ആര്‍ഡിഎസ് പ്രൊജക്ട് എംഡി സുമിത് ഗോയല്‍ ഒന്നാംപ്രതിയാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മിച്ച പാലാരിവട്ടം പാലം വൈകാതെ തകര്‍ന്നു. കേസില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞാണ് അഞ്ചാം പ്രതി.

Eng­lish Sum­ma­ry: Palar­i­vat­tam fly­over; High Court can­cels black­list­ing of RDS project

You may also like this video

Exit mobile version