പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കി ഹൈബി ഈഡൻ എംപി, മറ്റ് മൂന്ന് എംഎൽഎമാർ, നേതാക്കൾ അടക്കം കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെയാണ് കേസ്.
സ്റ്റേഷൻ കത്തിച്ച് കളയുമെന്ന് നേതാക്കൾ ഭീഷണിമുഴക്കിയെന്നാണ് എഫ്ഐആറിൽ പരാമർശിക്കുന്നത്. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ ജാമ്യത്തിൽ വിടാത്തതിനെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പ്രതിഷേധത്തെ തുടർന്ന് സംഘർഷമുണ്ടാവുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
എംഎൽഎമാരായ ടി ജെ വിനോദ്, ഉമ തോമസ്, ഹൈബി ഈഡൻ എംപി എന്നിവരടക്കം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. പുലർച്ചെ മൂന്ന് മണി വരെ തുടർന്ന സമരം കോൺഗ്രസ് പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഏഴു പ്രവർത്തകരെയും മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കി ജാമ്യമെടുത്തതോടെയാണ് അവസാനിപ്പിച്ചത്.
English Summary: palarivattom police station protest; case against congress
You may also like this video