Site iconSite icon Janayugom Online

പലസ്തീൻ എഴുത്തുകാരിയെ ഒഴിവാക്കി; 180 പ്രഭാഷകര്‍ അഡലെയ്ഡ് റൈറ്റേഴ്‌സ് വീക്കില്‍ നിന്ന് പിന്മാറി

പലസ്തീൻ എഴുത്തുകാരിയെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് അഡലെയ്ഡ് റൈറ്റേഴ്‌സ് വീക്കില്‍ നിന്ന് 180 പ്രഭാഷകര്‍ പിന്മാറി. ഇതോടെ പരിപാടി റദ്ദാക്കുന്നതായി സംഘാടകര്‍ അറിയിച്ചു. പലസ്തീന്‍ എഴുത്തുകാരിയായ ഡോ. റാൻഡ അബ്ദുൽ‑ഫത്തായെ പരിപാടിയിൽ നിന്ന് പിൻവലിച്ചതായി അഡലെയ്ഡ് ഫെസ്റ്റിവല്‍ ബോര്‍ഡ് ജനുവരി എട്ടിന് പ്രഖ്യാപിക്കുകയായിരുന്നു. സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന സെമിറ്റിക് വിരുദ്ധ കൂട്ട വെടിവയ്പിന്റെ സാഹചര്യത്തില്‍ അബ്ദുൽ ഫത്തയുടെ മുൻ പ്രസ്താവനകൾ കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു ബോര്‍ഡിന്റെ വിശദീകരണം. സെൻസർഷിപ്പ് എന്നാണ് ബോര്‍ഡിന്റെ നടപടിയെ അബ്ദുൽ ഫത്താ വിശേഷിപ്പിച്ചത്. സിഡ്‌നിയിലെ സെൻസർഷിപ്പ് പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രണ്ട് മുസ്ലീങ്ങൾ, ഒരു പത്രപ്രവർത്തക, യൂണിവേഴ്‌സിറ്റി വിദ്യാർത്ഥി എന്നിവരുടെ കഥ പറയുന്ന അബ്ദുല്‍ ഫത്തയുടെ നോവലായ ഡിസിപ്ലിനെക്കുറിച്ച് സംസാരിക്കാനാണ് അവര്‍ക്ക് ക്ഷണം ലഭിച്ചത്. 

ബോണ്ടി വെടിവയ്പിനെത്തുടർന്ന് പരിപാടിയിലെ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. അഡ്‌ലെയ്ഡ് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ സൗത്ത് ഓസ്‌ട്രേലിയയിലെ ജൂത കമ്മ്യൂണിറ്റി കൗൺസിൽ, റാന്‍ഡ അബ്ദൽ ഫത്താഹിനെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫെസ്റ്റിവല്‍ ബോര്‍ഡിന് കത്തെഴുതിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അബ്ദുല്‍ ഫത്തയുടെ പരിപാടി റദ്ദാക്കിയ ബോർഡിന്റെ പ്രസ്താവനയ്ക്ക് ശേഷം, ബ്രിട്ടീഷ് നോവലിസ്റ്റ് സാഡി സ്മിത്ത്, ന്യൂസിലാൻഡ് മുന്‍ പ്രധാനമന്ത്രി ജസീന്ദ ആർഡെർൻ എന്നിവരുൾപ്പെടെ പരിപാടിയിലെ മറ്റ് പ്രഭാഷകരും പിന്മാറി. ബോർഡിന്റെ തീരുമാനത്തോടുള്ള എതിർപ്പ് ചൂണ്ടിക്കാട്ടി ഫെസ്റ്റിവലിന്റെ ഡയറക്ടർ രാജിവച്ചു. അബ്ദുൽ‑ഫത്താഹിനെ പുറത്താക്കിയതിനെത്തുടർന്ന് പരിപാടിയുടെ ചില സ്പോൺസർമാരും പിന്മാറി. പരിപാടി തുടരില്ലെന്നും ബാക്കിയുള്ള എല്ലാ ബോർഡ് അംഗങ്ങളും രാജിവയ്ക്കുമെന്നും മണിക്കൂറുകൾക്ക് ശേഷം, ഫെസ്റ്റിവലിന്റെ ഫേസ്ബുക്ക് പേജിൽ പ്രസ്താവന വന്നു. അബ്ദുൽ ഫത്തയോട് ക്ഷമാപണവും നടത്തിയിരുന്നു. പലസ്തീൻ വിരുദ്ധ വംശീയതയുടെ വ്യക്തമായ പ്രവൃത്തി എന്ന് വിമര്‍ശിച്ച് അബ്ദുൽ ഫത്ത ബോര്‍ഡിന്റെ ക്ഷമാപണം നിരസിച്ചു. 

Exit mobile version