പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യുഎച്ച്ഒ) റിപ്പോര്‍ട്ട്. സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്‌ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ അഭിനന്ദിച്ചത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി ഏകോപിപ്പിച്ച് സാന്ത്വന പരിചരണ രംഗത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വലിയ പ്രവര്‍ത്തനങ്ങളാണ് സാന്ത്വന പരിചരണ രംഗത്ത് നടത്തി വരുന്നത്. ആര്‍ദ്രം മിഷന്റെ പത്ത് പ്രധാന വിഷയങ്ങളിലൊന്നാണ് പാലിയേറ്റീവ് കെയര്‍. ഇതിന്റെ ഭാഗമായി സമഗ്ര പാലിയേറ്റീവ് കെയര്‍ ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കി വരുന്നു. സംസ്ഥാനത്ത് സാമൂഹികാധിഷ്ഠിത ശാസ്ത്രീയ ഗൃഹ പരിചരണം ഉറപ്പാക്കി. സര്‍ക്കാര്‍ മേഖലയില്‍ 1141 പ്രാഥമിക പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളാണുള്ളത്.
ആരോഗ്യവകുപ്പിന് കീഴില്‍ പ്രധാന ആശുപത്രികളില്‍ 113 സെക്കന്ററി ലെവല്‍ യൂണിറ്റുകളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ 231 യൂണിറ്റുകളുമുണ്ട്. എട്ട് മെഡിക്കല്‍ കോളജുകളിലും ആര്‍സിസിയിലും എംസിസിയിലും പാലിയേറ്റീവ് കെയര്‍ യൂണിറ്റുകളുണ്ട്. കേരളത്തില്‍ ആവശ്യമുള്ള എല്ലാ രോഗികള്‍ക്കും ശാസ്ത്രീയ പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അടുത്തിടെ പാലിയേറ്റീവ് കെയര്‍ വാരാചരണത്തോടനുബന്ധിച്ച് ‘ഞാനുമുണ്ട് പരിചരണത്തിന്’ എന്ന കാമ്പയിന്‍ സംഘടിപ്പിച്ചു. പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ പങ്കാളിത്തമാണ് ഉണ്ടായത്. കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
English Summary: Palliative care: WHO commends Kerala
You may also like this video