Site iconSite icon Janayugom Online

പാലൂര്‍ തൈപ്പൂയ രഥോത്സവം ഫെബ്രുവരി അഞ്ച് വരെ വിപുലമായി ആഘോഷിക്കും

28ന് ആരംഭിച്ച പാലൂര്‍ തൈപ്പൂയ രഥോത്സവം ഫെബ്രുവരി അഞ്ച് വരെ വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്യും.

രഥോത്സവത്തിന്റെ ഉദ്ഘാടനം മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം ആര്‍ മുരളി നിര്‍വ്വഹിക്കും. ലഫ്. കേണല്‍ നിരഞ്ജന്‍ അനുസ്മരണത്തില്‍ എ പി അനില്‍കുമാര്‍ എംഎല്‍എ, സി പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിക്കും. പാലൂര്‍ ഷണ്‍മുഖ പുരസ്കാരം ചലച്ചിത്ര താരവും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോയ് മാത്യുവിന് സമര്‍പ്പിക്കും.

ഇന്ന് വൈകിട്ട് ഭവ്യ ലക്ഷ്മി അങ്ങാടിപ്പുറത്തിന്റെ സംഗീത നിശയും, നാളെ മൂവാറ്റുപുഴ സമര്‍പ്പിതയുടെ പുഴയോരഴകുള്ള പെണ്ണ് നാടകവും നടക്കും. ഒന്നിന് സീതാകല്യാണം നൃത്തശില്പം, രണ്ടിന് കവിയരങ്ങ്, ആധ്യാത്മിക സദസ്സ്, തിരുവാതിരക്കളി, മൂന്നിന് കല്‍പ്പാത്തി ബാലകൃഷണന്റെ തായമ്പക, കണ്ണൂര്‍ സിംഫണി ഓര്‍കസ്ട്രയുടെ ഗാനമേള എന്നിവ അരങ്ങേറും.

അഞ്ചിന് വിവിധ മേളങ്ങളുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ രഥം എഴുന്നള്ളിപ്പ് നടക്കും. അന്നേദിവസം തന്നെ വൈകിട്ട് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ തായമ്പകയും രാത്രി 11ന് ബാലെയും അരങ്ങേറും. വാര്‍ത്ത സമ്മേളനത്തില്‍ പാലൂര്‍ ഗോപാലകൃഷ്ണ പണിക്കര്‍, ഇഖ്ബാല്‍ പി രായിന്‍, വി എന്‍ സുരേഷ്, ടി പി ദിനേഷ് കുമാര്‍, സി സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version