Site iconSite icon Janayugom Online

പാണക്കാട്ടെ സൗമ്യതയുടെ രാഷ്ട്രീയം

ഒരുകാലത്ത് സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാന്‍ പ്രാപ്തിയുണ്ടായിരുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാടിന്റെ പൂമുഖത്ത് എത്തുന്ന ആയിരങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ശ്രദ്ധകാട്ടിയിരുന്നവരാണ് അവിടുത്തെ കാരണവന്മാര്‍. അധികാരത്തിന്റെയും സമ്പത്തിന്റെയും വഴിതേടിയെത്തിവരെപ്പോലെ തന്നെ സമാധാനത്തിനും ആശ്വാസത്തിനുമായി ആയിരങ്ങള്‍ അവിടെയെത്തിയിരുന്നു. തറവാടിന്റെ പടികടന്നു വരുന്നവര്‍ പൊതുവെ നിരാശയോടെ മടങ്ങാറില്ലെന്നാണ് നാട്ടുവര്‍ത്തമാനം. ആ വിശ്വാസത്തിന് തലമുറകളുടെ പഴക്കമുണ്ട്. ചുണ്ടില്‍ സൗമ്യമായ പുഞ്ചിരിയുമായി തറവാടിന്റെ പൂമുഖത്തു അതിഥികളെ കാത്തിരിക്കുന്ന ഒരു ചെറിയ മനുഷ്യന്റെ കണ്ണും കാതും അവര്‍ക്കു മുന്നില്‍ തുറന്നുവയ്ക്കുന്നത് കഴിഞ്ഞ കുറെ കാലങ്ങളായുള്ള കാഴ്ചയാണ്. പ്രശ്‌നം എന്തുതന്നെയായാലും മുഴുവന്‍ കേള്‍ക്കാന്‍ അദ്ദേഹം തയാറാണ്. ഒടുവില്‍ ഏറ്റവും ലളിതമായ മറുപടിയും സമാധാനപ്പെടാനുള്ള ഉപദേശവും നിറയെ ആത്മധൈര്യവും സമ്മാനിച്ച് യാത്രയാക്കും… ഇനി കൊടപ്പനക്കല്‍ തറവാടില്‍ ആ ചെറിയ വലിയ മനുഷ്യനില്ല.… പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എല്ലാവരുടേയും നേതാവാണ്. ഒരു കാര്യത്തിലും വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരേയും അദ്ദേഹം ചേര്‍ത്തുനിര്‍ത്തി. പ്രത്യയശാസ്ത്രങ്ങളുടേയും ആശയസംവാദങ്ങളുടേയും പിരിമുറുക്കം അദ്ദേഹത്തെ അലട്ടിയില്ല. എല്ലാ പ്രതിസന്ധികളേയും സ്‌നേഹവും സമാധാനവും കരുത്താക്കി അദ്ദേഹം മറികടന്നു. കാഴ്ചപാടുകളിലും ആശയങ്ങളിലും വിയോജിക്കുന്നവര്‍ക്കും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന മനുഷ്യനോട് ഒട്ടും അകലാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കലര്‍പ്പില്ലാത്ത സ്‌നേഹവും വിസ്മയിപ്പിക്കുന്ന ലാളിത്യവും കാരുണ്യത്തിന്റെ കൈതലോടലും അനുഭവിച്ച ജനലക്ഷങ്ങള്‍ക്ക് ഹൈദരലി തങ്ങള്‍ എന്നും കൊടുംചൂടിലെ തണല്‍മര സാന്നിധ്യമായിരുന്നു. മുസ്‌ലിം ലീഗ് നേതാവായിരുന്ന പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടേയും ആയിശ ബീവിയുടേയും മൂന്നാമത്തെ മകനായി ജനിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് രണ്ട് വയസ് പ്രായമുള്ളപ്പോള്‍ ഹൈദരബാദ് ആക്ഷന്റെ പേരില്‍ പിതാവ് പൂക്കോയ തങ്ങളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കുറച്ച് മാസങ്ങള്‍ക്ക് ശേഷം ക്ഷയരോഗിയായ മാതാവ് മരിച്ചതോടെ പിതൃസഹോദരി മൂത്തുബീവിയാണ് ഹൈദരലി തങ്ങളെ വളര്‍ത്തിയത്. മതരംഗത്തും രാഷ്ട്രീയത്തിലും നിറഞ്ഞുനില്‍ക്കുമ്പോഴും രണ്ടിനേയും കൂട്ടിക്കലര്‍ത്താതെ എന്നാല്‍ വളരെ ഭംഗിയായി സമന്വയിപ്പിക്കാനുള്ള ഹൈദരലി ശിഹാബ് തങ്ങളുടെ മെയ് വഴക്കം അതുല്യവും അപാരവുമാണ്. വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്കുപോലും തങ്ങളോട് വിയോജിക്കാനാവില്ലായിരുന്നു. എതിര്‍പക്ഷത്തു നില്‍ക്കുന്നവരെ പോലും സ്‌നേഹം കൊണ്ടും സൗമ്യമായ പുഞ്ചിരികൊണ്ടും ഏറ്റവും ചുരുങ്ങിയ വാക്കുകള്‍കൊണ്ടും അദ്ദേഹം വരുതിയിലാക്കി. സര്‍വര്‍ക്കും ആദരവ് സമ്മാനിച്ച് സ്‌നേഹബഹുമാനങ്ങളുടെ പൂക്കാലം സ്വന്തമാക്കുകയായിരുന്നു നാട്ടുകാരും കുടുംബക്കാരുടേയും ആറ്റപ്പൂ തങ്ങള്‍. രാഷ്ട്രീയ നേതാവായും സമുദായ നേതാവായും ആത്മീയാചാര്യനായും കേരളീയ പൊതുസമൂഹത്തില്‍ ആറു പതിറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന ഹൈദരലി ശിഹാബ് തങ്ങള്‍ യാത്രയാവുമ്പോള്‍ നഷ്ടമാകുന്നത് അപൂര്‍വമായി ലഭിച്ച വലിയ വ്യക്തിത്വത്തെയാണ്. ഇരുളിന്റെ കാര്‍മേഘങ്ങള്‍ എത്രമൂടികെട്ടിയാലും അതെല്ലാം വകഞ്ഞുമാറ്റാനുള്ള ധെെര്യവും ശാന്തതയും നിറഞ്ഞ മഹാമനുഷ്യനാണ് നടന്നകന്നത്.

Eng­lish sum­ma­ry; Panakat­te The pol­i­tics of gentleness

You may also like this video;

Exit mobile version