Site iconSite icon Janayugom Online

ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവില്‍ നിന്ന് പനാമ പിന്മാറി; യുഎസ് അട്ടിമറിയെന്ന് ചെെന

ബെല്‍റ്റ് ആന്റ് റോഡ് ഇനിഷ്യേറ്റീവ് കരാറില്‍ നിന്ന് പിന്‍മാറിയ പനാമയുടെ നീക്കത്തെ അപലപിച്ച് ചെെന. പദ്ധതിയെ തകർക്കാൻ അമേരിക്ക സമ്മർദവും ബലപ്രയോഗവും നടത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങളുടെ സാഹചര്യവും ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ താല്പര്യങ്ങളും അടിസ്ഥാനമാക്കി പനാമ ശരിയായ തീരുമാനം എടുക്കുമെന്നും ബാഹ്യ ഇടപെടൽ ഇല്ലാതാക്കുമെന്നും പ്രതീക്ഷിക്കുന്നതായി മന്ത്രാലയ വക്താവ് ലിൻ ജിയാൻ വ്യക്തമാക്കി. 

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ സന്ദര്‍ശനത്തിനു പിന്നാലെയാണ് കരാറില്‍ നിന്ന് പിന്മാറുന്നതായി പനാമ അറിയിച്ചത്. കനാലിനു മുകളിലുള്ള ചൈനീസ് സ്വാധീനം ഉടനടി കുറയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും റൂബിയോ പനാമയെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കനാൽ ചൈനയുടെ നിയന്ത്രണത്തിലാണെന്നും പ­നാ­മ കരാ­ർ ലംഘിച്ചെന്നുമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണം. 

എന്നാൽ, കനാൽ തിരിച്ചുപിടിക്കുമെന്നോ ബലപ്രയോഗം നടത്തുമെന്നോ റൂബിയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് പനാമ പ്രസിഡന്റ് ജോസ് റൗള്‍ മുലിനോ പറഞ്ഞു. പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പനാമയിൽ യുഎസ് നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള അവസരമാണ് റൂബിയോയുടെ സന്ദര്‍ശനമെന്നും മുലിനോ കൂട്ടിച്ചേര്‍ത്തു. ഉഭയകക്ഷി ബന്ധങ്ങൾക്കുള്ള മഹത്തായ മുന്നേറ്റം എന്നാണ് റൂബിയോ പനാമയുടെ പ്രഖ്യാപനത്തെ പ്രശംസിച്ചത്.

Exit mobile version