പനയംപാടം അപകടം ഉണ്ടാക്കിയ വാഹനങ്ങളുടെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. വിദഗ്ദർ അഭിപ്രായത്തിന് അപ്പുറം പ്രായോഗികത മനസിലാക്കി റോഡിന്റെ അപാകത പരിഹരിക്കുമെന്നും മന്ത്രി അപകട സ്ഥലം സന്ദർശിച്ച് പറഞ്ഞു.ദേശീയപാത അതോറിറ്റിയോട് ഫണ്ട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കിട്ടിയില്ലെങ്കിൽ റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് തുക ചെലവാക്കും,റോഡിൽ കോൺക്രീറ്റ് ഡിവൈഡർ സ്ഥാപിക്കും,സുരക്ഷ ഉറപ്പാക്കാൻ എൻ എച്ച് എ ഐ അധികൃതരായി ചർച്ച ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. മുണ്ടൂർ, തച്ചമ്പാറ മേഖലയിലെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പനയംപാടത്തു വിദ്യാർഥികൾക്കു മേൽ മറിഞ്ഞ സിമന്റ് ലോറിയിൽ ഇടിച്ച ലോറി അമിത വേഗത്തിലായിരുന്നെന്നു മോട്ടർ വാഹനവകുപ്പിന്റെ റിപ്പോർട്ട് വ്യക്തമാക്കി. സിമന്റ് കയറ്റി വന്ന ലോറിയെ ഇടിച്ച മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള ലോറിയാണ് അമിതവേഗത്തിൽ വന്നത്. അപകടമുണ്ടാക്കിയ രണ്ടു ലോറി ഡ്രൈവർമാർക്കെതിരെയും നരഹത്യയ്ക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.