Site iconSite icon Janayugom Online

മറയൂർ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ കവർച്ച; രണ്ടുപേർ പിടിയിൽ

മറയൂർ വാഗുവരൈയിലെ കാളിയമ്മൻ ക്ഷേത്രത്തിൽനിന്ന് പഞ്ചലോഹ വിഗ്രഹം മോഷ്ടിച്ച കേസിൽ രണ്ടുപേർ പിടിയിലായി. തമിഴ്നാട് ആണ്ടിപ്പെട്ടി സ്വദേശി ശെൽവവും ഉത്തമപാളയം സ്വദേശി കുമാരേശനുമാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് മോഷ്ടിക്കപ്പെട്ട പഞ്ചലോഹ വിഗ്രഹം പൊലീസ് കണ്ടെടുത്തു. ഈ മാസം ആറിനാണ് വാഗുവരൈ എസ്റ്റേറ്റിലുള്ള കാളിയമ്മൻ ക്ഷേത്രത്തിൽനിന്ന് 21 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം പ്രതികൾ മോഷ്ടിച്ചത്.

ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്. പൂപ്പാറയിൽനിന്നും തമിഴ്നാട്ടിൽനിന്നുമാണ് പ്രതികളെ പിടികൂടിയത്. മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹത്തിന് ലക്ഷങ്ങൾ വിലമതിക്കുന്നതിനാൽ, ഉയർന്ന വിലയ്ക്ക് വിൽക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. വിഗ്രഹം ഒന്നാം പ്രതിയായ ശെൽവനിൽനിന്ന് വിൽപ്പനയ്ക്കായി കതിരേശൻ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. 40-ഓളം ആളുകളിൽനിന്ന് മൊഴി ശേഖരിച്ചതോടെയാണ് പൊലീസിന് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. പിടിയിലായ ഒന്നാം പ്രതി ശെൽവൻ 30 കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

Exit mobile version