Site iconSite icon Janayugom Online

കണ്ണിന് കുളിരായി പഞ്ചാരക്കുത്തും ഗുഹയും

അടിമാലി കൂമ്പന്‍പാറ മേഖലയില്‍ മഴക്കാലത്ത് സജീവമാകുന്ന പഞ്ചാരകുത്തും ഇതിന് സമീപത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതി നിര്‍മ്മിത ഗുഹയും വിനോദ സഞ്ചാര സാധ്യതകള്‍ക്കായി പ്രയോജനപ്പെടുത്തണമെന്നാവശ്യം ശക്തമായി. അടിമാലിയില്‍ നിന്നും മൂന്നാറിലേക്കുള്ള യാത്രയില്‍ കൂമ്പന്‍പാറ ഭാഗത്തു കൂടി കടന്ന് പോകുന്നവരുടെ ശ്രദ്ധ കവരുന്നതാണ്പഞ്ചാരകുത്ത് വെള്ളച്ചാട്ടം. 

പാറക്കെട്ടിൽ നിന്നും ചിന്നിച്ചിതറിയെത്തുന്ന വെള്ളം അഞ്ഞൂറോളം അടി താഴേക്ക് പതിയ്ക്കുന്ന ദൃശ്യം മനോഹരമാണ്. പെട്ടിമുടി മലനിരകളിൽ മഴക്കാലത്ത് മാത്രം സജീവമാകുന്ന ഈ പഞ്ചാരകുത്ത് വെള്ളച്ചാട്ടത്തിന് സമീപത്തായാണ് കാഴ്ച്ചക്കാരില്‍ കൗതുകമുണര്‍ത്തുന്ന പ്രകൃതി നിര്‍മ്മിത ഗുഹ സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെട്ടിമുടിയുടെ താഴ്ഭാഗത്ത് ദേശിയ പാതയോട് ചേര്‍ന്നാണ് ഭീമന്‍ ഗുഹയുടെ സ്ഥാനം. ഗുഹയിലേക്കെത്തുവാന്‍ നിലവില്‍ വഴിയോ ഇതര മാര്‍ഗ്ഗങ്ങളോ ഇല്ല. പ്രകൃതി നിര്‍മ്മിത ഗുഹയേയും സമീപ മേഖലയുടെ വിനോദ സഞ്ചാര സാധ്യതയും പ്രയോജനപ്പെടുത്തി മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാക്കാമെന്ന ആവശ്യമാണുള്ളത്. 

ഗുഹയുടെ ഉള്‍ഭാഗം ഏറെ വിശാലമാണ്. ഇരിക്കുകയും വിശ്രമിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയുമൊക്കെയാകാം. ഗുഹാമുഖത്തു നിന്നും പുറത്തേക്കുള്ള കാഴ്ച്ചയും ഏറെ ആകര്‍ഷണീയമാണ്. ഉയരത്തില്‍ നിന്നുള്ള പരന്ന കാഴ്ച്ചക്ക് വല്ലാത്ത സൗന്ദര്യമുണ്ട്. പ്രകൃതി തന്നെ തീര്‍ത്തിട്ടുള്ള ഗുഹയുടെ വിശാലത ഓരോ കാഴ്ച്ചയിലും കൗതുകം ജനിപ്പിക്കും. ടൂറിസം വികസനത്തിനായി ഇടപെടല്‍ ഉണ്ടായാല്‍ ദേശിയ പാതയോരത്തു നിന്നും ഗുഹാമുഖത്തേക്ക് യാത്രാമാര്‍ഗ്ഗമൊരുക്കാനാകും. കാഴ്ച്ചയും കൗതുകവും സമ്മേളിക്കുന്ന ഇടമെന്ന നിലയില്‍ പ്രകൃതി നിര്‍മ്മിത ഗുഹയും സമീപത്തെ പഞ്ചാരകുത്ത് വെള്ളച്ചാട്ടവും മാനം മുട്ടെ നില്‍ക്കുന്ന പെട്ടിമുടിയും അടിമാലിയുടെ ടൂറിസം വികസനത്തിന് കരുത്തു പകരാന്‍ പോന്നവയാണ്. 

Eng­lish Summary:Pancharakut and Guha are cool to the eyes
You may also like this video

Exit mobile version