Site iconSite icon Janayugom Online

മക്കൾ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തും; വിചിത്ര ഉത്തരവുമായി പഞ്ച്‌വ ഗ്രാമം

മധ്യപ്രദേശിലെ രത്‌ലം ജില്ലയിലുള്ള പഞ്ച്‌വ ഗ്രാമത്തില്‍ യുവാക്കളും യുവതികളും സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അവരുടെ കുടുംബങ്ങളെ സാമൂഹികമായി ബഹിഷ്കരിക്കാൻ തീരുമാനമെടുത്തു. പരസ്യമായി പ്രഖ്യാപിച്ച ഈ ഉത്തരവ് പ്രകാരം മക്കൾ ഒളിച്ചോടുകയോ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയോ ചെയ്താൽ അവർ വരുന്ന കുടുംബങ്ങളെ ഗ്രാമത്തിൽ ഒറ്റപ്പെടുത്തുകയും വിലക്കേർപ്പെടുത്തുകയും ചെയ്യും. 

സാമ്പത്തികവും സാമൂഹികവുമായ വിലക്കിനൊപ്പം തൊഴിൽ നിഷേധവും ഉണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു. ഇവരെ സഹായിക്കുന്നവരെ പോലും വെറുതെ വിടാത്ത തരത്തിലുള്ള ശിക്ഷാ രീതികളാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബഹിഷ്കരിക്കപ്പെട്ട കുടുംബങ്ങളെ സാമൂഹിക ചടങ്ങുകളിൽ നിന്ന് ഒഴിവാക്കുന്നതിന് പുറമേ, നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിനും വിലക്കേർപ്പെടുത്തും. ഇവർക്ക് ഭൂമി പാട്ടത്തിന് നൽകുന്നതിനും വിലക്കുണ്ട്. 

ദമ്പതികൾക്ക് അഭയം നൽകുന്നവരോ ബഹിഷ്കരിക്കപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നവരോ ആയ ഗ്രാമവാസികൾക്കും സമാനമായ സാമൂഹിക ബഹിഷ്കരണങ്ങൾ നേരിടേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ വിഷയത്തിൽ പ്രാദേശിക ഭരണകൂടം ഇടപെട്ടിട്ടുണ്ട്. 

Exit mobile version