ബിജെപിയിൽ നിന്നും എൽഡിഎഫ് ഭരണം പിടിച്ചെടുത്ത പന്തളം നഗരസഭയിൽ എം ആർ കൃഷ്ണകുമാരി (സിപിഐഎം) ചെയർപേഴ്സണും കെ മണിക്കുട്ടൻ (സിപിഐ)വൈസ് ചെയർമാനും ആയി തിരിഞ്ഞെടുക്കപ്പെട്ടു. നഗരസഭയിലെ മുപ്പതാം ഡിവിഷനിൽ നിന്നും ആണ് കൃഷ്ണകുമാരി വിജയിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ പന്തളം നഗരസഭ കോൺഫറൻസ് ഹാളിൽ ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 14 വോട്ട് നേടിയാണ് കൃഷ്ണകുമാരി വിജയിച്ചത്. 34 അംഗ നഗരസഭ കൗൺസിലിൽ 14 സീറ്റ് നേടി എൽഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിച്ച രണ്ടാം ഡിവിഷനിൽ നിന്നും വിജയിച്ച സുനിത വേണുവിന് 11 വോട്ട് ലഭിച്ചു. നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് എം ആർ കൃഷ്ണകുമാരിയുടെ പേര് ബി പ്രദീപ് നിർദ്ദേശിച്ചു കെ മണിക്കുട്ടൻ പിന്താങ്ങി. യുഡിഎഫ് ചെയർപേഴ്സൺ സ്ഥാനാർത്ഥിയായ സുനിതാ വേണുവിന്റെ പേര് കെ ആർ വിജയകുമാർ ആണ് നിർദ്ദേശിച്ചത്. അഡ്വ. യാമിസേതു കുമാർ പിന്താങ്ങി.
ബിജെപി ചെയർപേഴ്സൺ സ്ഥാനാർത്ഥിയായി മുൻ നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷിനെ പി കെ പുഷ്പലത നിർദ്ദേശിച്ചു. ബി ശ്രീകുമാർ പിന്താങ്ങി. തെരഞ്ഞെടുപ്പ് നടപടി പ്രകാരം ഏറ്റവും കുറവ് അംഗങ്ങളുള്ള മുന്നണിയെ മാറ്റി എൽഡിഎഫിലെ എം ആർ കൃഷ്ണകുമാരിയും യുഡിഎഫിലെ സുനിതാ വേണുവും തമ്മിലായിരുന്നു മത്സരം. ബിജെപി അംഗങ്ങൾ വോട്ട് ചെയ്തില്ല. വിജയിച്ച കൃഷ്ണകുമാരി പിന്നീട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആദ്യ നാലുവർഷത്തേക്കാണ് കൃഷ്ണകുമാരിയെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പാർട്ടി നിശ്ചയിച്ചിരിക്കുന്നത്. അവസാന ഒരു വർഷം സിപിഐയിലെ കെ ജി വിദ്യ ചെയർപേഴ്സൺ ആകും.
ഉച്ചയ്ക്ക് ശേഷം നടന്ന ഡെപ്യൂട്ടി ചെയർമാൻ തെരഞ്ഞെടുപ്പിൽ ഇരുപത്തിയൊന്നാം ഡിവിഷനിൽ നിന്നും വിജയിച്ച കെ മണിക്കുട്ടനെ തെരഞ്ഞെടുത്തു. യുഡിഎഫിൽ നിന്നും പന്തളം മഹേഷ് മത്സരിച്ചു. കെ മണിക്കുട്ടന് ആദ്യ രണ്ടു വർഷവും പിന്നീട് സിപിഐയിലെ എസ് അജയകുമാറിനും സിപിഐഎമ്മിലെ ബി പ്രദീപിനും ഡെപ്യൂട്ടി ചെയർപേഴ്സൺ സ്ഥാനം പങ്കിട്ടു നൽകും.

