Site iconSite icon Janayugom Online

പണ്ഡിറ്റ് ശിവകുമാർ ശർമ്മ അന്തരിച്ചു

sivakumarsivakumar

വിശ്വപ്രസിദ്ധ ഇന്ത്യൻ സംഗീതജ്ഞൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മ (84) മുംബൈയിൽ അന്തരിച്ചു. ആറ് മാസമായി വൃക്കസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.
1960 ൽ പണ്ഡിറ്റ് ശിവകുമാർ ശർമ്മയുടെ ആദ്യ സോളോ ആൽബം റെക്കോർഡ് ചെയ്തു. പ്രമുഖ പുല്ലാങ്കുഴൽ വാദകൻ ഹരിപ്രസാദ് ചൗരസ്യ, ഗിറ്റാറിസ്റ്റ് ബ്രിജ് ഭൂഷൺ കബ്ര എന്നിവരുമായി സഹകരിച്ച് കോൾ ഓഫ് ദ വാലി എന്ന പ്രശസ്ത ആൽബം നിർമ്മിച്ചു.
ഹരിപ്രസാദ് ചൗരസ്യയ്ക്കൊപ്പം, സിൽസില, ചാന്ദ്നി, ഡർ എന്നിവയുൾപ്പെടെ ഒട്ടേറെ ഹിന്ദി സിനിമകൾക്കു് സംഗീതം നൽകി. 1991 ൽ പത്മശ്രീയും 2001 ൽ പത്മവിഭൂഷണും ലഭിച്ചു.

ജമ്മുവിൽ ജനിച്ച പണ്ഡിറ്റ് ശിവകുമാർ ശർമ്മ പതിമൂന്നാം വയസിലാണ് സന്തൂർ പഠനം തുടങ്ങിയത്. 1955 ൽ മുംബൈയിലായിരുന്നു അരങ്ങേറ്റം. പണ്ഡിറ്റ് ശിവകുമാർ ശർമ്മയ്ക്കാണ് സന്തൂർ എന്ന സംഗീത ഉപകരണം ജനകീയമാക്കിയതിന്റെ ബഹുമതി. ജമ്മു കശ്മീരിലെ ഗോത്രവർഗ്ഗ ശൈലികളിൽ നിന്ന് സന്തൂരിന് ഒരു ക്ലാസിക്കൽ പദവി നൽകി. സിത്താർ, സരോദ് തുടങ്ങിയ പരമ്പരാഗതവും പ്രശസ്തവുമായ ഉപകരണങ്ങൾക്കൊപ്പമാണ് ഇപ്പോൾ ഈ വാദ്യോപകരണത്തിന്റെ സ്ഥാനം.
മനോരമയാണ് ഭാര്യ. മക്കള്‍: രാഹുല്‍, രോഹിത്. സന്തൂർ കലാകാരനായ രാഹുല്‍ 1996 മുതൽ അച്ഛനൊപ്പം കച്ചേരി നടത്തി തുടങ്ങി.

Eng­lish Sum­ma­ry: Pan­dit Sivaku­mar Shar­ma pass­es away

You may like this video also

Exit mobile version