Site iconSite icon Janayugom Online

സര്‍വരോഗ ശമനം ഹൈഡ്രജന്‍ വാട്ടര്‍ മെഷീന്‍ തട്ടിപ്പ് വ്യാപകമാകുന്നു

കോണിബയോയ്ക്ക് പിന്നാലെ എല്ലാ രോഗങ്ങൾക്കും ശമനം ലഭിക്കും എന്ന പ്രചാരണത്തോടെ ‘ഹൈഡ്രജൻ വാട്ടർ മെഷീൻ’ തട്ടിപ്പ് സംസ്ഥാനത്ത് വ്യാപകമാകുന്നു.
കൊച്ചിയിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ ബാനറിലാണ് മണി ചെയിൻ മാതൃകയിൽ ഉല്പന്നം വിപണിയിലെത്തിച്ചിരിക്കുന്നത്. ജീവിതശൈലീ രോഗങ്ങളായ രക്ത സമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോൾ, വയറിലെ അസ്വസ്ഥതകൾ തുടങ്ങി വിഷാദം വരെ ഭേദമാക്കുമെന്ന് പ്രചരിപ്പിച്ചാണ് രോഗികൾക്കിടയിൽ ഹൈഡ്രജൻ വാട്ടർ മെഷീൻ പ്രചരിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് ഇരിട്ടി സ്വദേശിയായ ബിജു നെടിയോടി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിനും ഫുഡ് സേഫ്റ്റി അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്. മെഷീൻ ഉപയോഗിച്ച് ലഭിക്കുന്ന ഹൈഡ്രജൻ വാട്ടർ ഫുഡ് സേഫ്റ്റി നിയമത്തിന് വിരുദ്ധമാണെന്നാണ് പരാതിയിൽ പറയുന്നത്.
വെള്ളത്തിൽ ഹൈഡ്രജൻ തന്മാത്രകൾ അധികമായി നിലനിർത്തിയാണ് ഹൈഡ്രജൻ വാട്ടർ ഉല്പാദിപ്പിക്കുന്നത്. ഊര്‍ജം വർധിപ്പിക്കാം, ക്ഷീണം കുറയ്ക്കാം തുടങ്ങിയ ഗുണങ്ങൾ പറയുന്നുണ്ടെങ്കിലും ഇത് എല്ലാ രോഗങ്ങൾക്കുമുള്ള മരുന്നാണെന്ന് തെളിയിച്ചിട്ടില്ല. ഇതാണ് ഡോക്ടറുടെ നിർദ്ദേശമില്ലാതെ പല രോഗങ്ങളും ഭേദമാക്കും എന്ന് പ്രചരിപ്പിച്ച് ജനങ്ങൾക്കിടയിലേക്ക് എത്തിക്കുന്നത്.
സൂര്യനിൽ നിന്നുള്ള അദൃശ്യ രശ്മികൾ ഉപയോഗിച്ച് നിർമിച്ച കോണിബയോ ഉല്പന്നങ്ങൾ എല്ലാ രോഗങ്ങൾക്കും ഫലപ്രദമാണെന്ന അവകാശവാദത്തോടെ കേരളത്തിൽ മണി ചെയിൻ മാതൃകയിൽ നേരത്തെ വലിയ തോതിൽ പ്രചരിച്ചിരുന്നു. കോണിബയോ ഉല്പന്നങ്ങൾ ഫാർ ഇൻഫ്രാറെഡ് രശ്മികൾ പുറത്തുവിടുമെന്നും അത് രോഗങ്ങളെ ശമിപ്പിക്കുമെന്നുമായിരുന്നു അവകാശവാദം. സംസ്ഥാനത്ത് നിരവധി പേർ ഉല്പന്നം വാങ്ങുകയും നിരവധി പേരെ കണ്ണിചേർക്കുകയും ചെയ്തിരുന്നു. പിന്നീട് വൈദ്യശാസ്ത്രപരമോ ചികിത്സാപരമോ ഔഷധപരമോ ആയ ഗുണങ്ങളൊന്നും കോണിബയോയ്ക്ക് ഇല്ലെന്ന് കമ്പനി തന്നെ തുറന്നു സമ്മതിക്കുന്ന സ്ഥിതിയുണ്ടായി.
സമാനമായ രീതിയിലാണ് ഹൈഡ്രജൻ വാട്ടർ മെഷീന്റെയും പ്രചാരം. 500 മില്ലി നിർമിക്കുന്ന മെഷീന് 20, 000 രൂപയാണ് വില. ഇതിലേക്ക് വെള്ളം ഒഴിച്ച് ബട്ടൺ അമർത്തിയാൽ ഹൈഡ്രജൻ വാട്ടർ തയ്യാറാവുമെന്നാണ് കമ്പനി അവകാശവാദം. ഒരാൾ വാങ്ങുകയും തുടർന്ന് രണ്ടുപേരെ ചേർത്താൽ റഫറൽ കമ്മീഷനായി 1500 രൂപ ലഭിക്കുകയും ചെയ്യും. ഇങ്ങിനെ ഓരോരുത്തരം അവരവരുടെ ബന്ധങ്ങൾ വഴി പിരമിഡ് നെറ്റ് വർക്ക് വഴി ഉല്പന്നം വിപണിയിലെത്തിക്കുകയാണ്. പണ സമ്പാദ്യ മാർഗമായും ഇതിനകം ഒട്ടേറെപേർ മെഷീൻ വില്പന ഏറ്റെടുത്തതായാണ് വിവരം. രോഗം ഭേദമാകൻ കിടക്കയും തലയിണയും ഉൾപ്പെടെ വിപണിയിൽ പ്രചരിപ്പിച്ചതിന് സമാനമാണ് ഇതെന്നാണ് വ്യക്തമാകുന്നത്. കൂടുതൽ പേരിൽ നിന്നും പരാതി ഉയരുന്ന സാഹചര്യത്തിൽ ഹൈഡ്രജൻ വാട്ടർ മെഷീൻ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പരാതിയിൽ പറയുന്നു. 

Exit mobile version