ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‍വന്ത് പന്നൂനെ യുഎസില്‍ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ഇന്ത്യന്‍ പൗരന്‍ നിഖില്‍ ഗുപ്ത കുറ്റസമ്മതം നടത്തിയത് മോഡി സര്‍ക്കാരിന് തിരിച്ചടിയായി. ഇത് ഇന്ത്യ‑യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കിയേക്കുമെന്ന് വിദേശകാര്യ വിദഗ്ധര്‍ പറയുന്നു.
ഇന്ത്യന്‍ ഏജന്റ് വികാസ് യാദവിന് വേണ്ടി ഇടനിലക്കാരനായാണ് നിഖില്‍ ഗുപ്ത പ്രവര്‍ത്തിച്ചത്. ഇയാള്‍ പന്നൂനെ വധിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് യുഎസ് അണ്ടര്‍കവര്‍ ഏജന്റിനായിരുന്നു. അങ്ങനെയാണ് സംഭവം പരാജയപ്പെട്ടത്. ഈ കേസില്‍ ഇന്ത്യക്കെതിരെ തെളിവില്ലെന്നും ആരോപണങ്ങള്‍ മാത്രമാണ് ഉയര്‍ന്നിട്ടുള്ളതെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. അത് ശരിയല്ലെന്ന് വ്യക്തമാക്കുന്നതാണ് നിഖിലിന്റെ കുറ്റസമ്മതം. ഇതോടെ ബിജെപി സര്‍ക്കാരിന് മേല്‍ നയതന്ത്രപരവും രാഷ്ട്രീയവുമായ സമ്മര്‍ദങ്ങള്‍ ശക്തമാകുകയാണ്.
കൊലപാതക ശ്രമം, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ന്യൂയോര്‍ക്ക് മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതി നിഖില്‍ ഗുപ്തക്കെതിരെ ചുമത്തിയിരിക്കുന്നത്. മെേയ് 29ന് ശിക്ഷ വിധിക്കും. കോടതിയിലെ പുതിയ സംഭവികാസങ്ങളോടെ വികാസ് യാദവിന്റെയും മറ്റ് ഇടപാടുകാരുടെയും കേസിൽ ഇന്ത്യ സഹകരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളില്‍ അമേരിക്ക സമ്മർദം ശക്തമാക്കും. കൂടാതെ ഭാവിയില്‍ ഇന്ത്യയുമായുള്ള സഹകരണവും യുഎസ് കോൺഗ്രസ് വിചാരണയ്ക്ക് വിധേയമായേക്കാം. ഉപരോധ നിർദേശങ്ങൾ അല്ലെങ്കിൽ മനുഷ്യാവകാശ വ്യവസ്ഥകൾ എന്നിവ ചുമത്താന്‍ കാരണമാകും.
ലോകത്തിന് മുന്നില്‍ മോഡിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കൂടുതൽ ഭൗമരാഷ്ട്രീയ, വ്യാപാര ഇളവുകൾ നേടാനുള്ള മറ്റൊരു സമ്മർദ തന്ത്രമായി ട്രംപ് ഭരണകൂടത്തിന് ഇത് ആയുധമാക്കാനും കഴിയും. കാനഡയിലെ നിജ്ജർ വധക്കേസിനൊപ്പം വിദേശ കൊലപാതക ഗൂഢാലോചനകൾ ആരോപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഉള്‍പ്പെടുന്നതിനും കാരണമാകും. വിദേശത്തുള്ള രാഷ്ട്രീയ വിമതർക്കെതിരെ മോഡി സർക്കാർ അധികാരം ആയുധമാക്കുന്നെന്ന് വാദിക്കാന്‍ പൗരസ്വാതന്ത്ര്യ, പ്രവാസി സംഘടനകൾക്ക് യുഎസ് കോടതിയുടെ രേഖകൾ സഹായകമാകും. മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്രത്തെയും ബാധിച്ചേക്കും. യുഎസ് താല്പര്യങ്ങള്‍ക്ക് വിധേയമായി കേന്ദ്രസര്‍ക്കാരിന് പ്രവര്‍ത്തിക്കേണ്ട സാഹചര്യം സംജാതമാവുകയും ചെയ്യും.
പന്നൂന്‍ വധം; നിഖില്‍ ഗുപ്തയുടെ കുറ്റസമ്മതം ഇന്ത്യ‑യുഎസ് ബന്ധത്തില്‍ വിള്ളലുണ്ടാക്കും

