Site icon Janayugom Online

തൊണ്ണൂറ് പിന്നിട്ട ചിത്രകാരി അമ്മാളുക്കുട്ടി അമ്മയെ കാണാൻ നേരിട്ടെത്തി പന്ന്യൻ രവീന്ദ്രൻ

ചുവരിൽ വരച്ചൊട്ടിച്ച ചിത്രങ്ങൾ ഓരോന്നായി അമ്മാളുക്കുട്ടി അമ്മ പന്ന്യൻ രവീന്ദ്രനെ കാട്ടിക്കൊടുത്തു. ദൈവങ്ങൾക്കും പക്ഷികൾക്കും പൂക്കൾക്കുമെല്ലാമൊപ്പം അമ്മാളുക്കുട്ടി അമ്മ വരച്ച തന്റെ ചിത്രവും ചുവരിൽ പന്ന്യനെ നോക്കി പുഞ്ചിരി തൂവി. അമ്മയുടെ കൈകൾ ചേർത്തുപിടിച്ച വിശേഷങ്ങൾ തിരക്കിയ പന്ന്യൻ രവീന്ദ്രൻ മധുരം നൽകി പൊന്നാട അണിയിച്ചപ്പോൾ അമ്മാളുക്കുട്ടി അമ്മയ്ക്കത് ജീവിതത്തിലെ ഏറ്റവും മധുരമുള്ള നിമിഷങ്ങളായി.

തൊണ്ണൂറ് വയസ്സ് പ്രായമുണ്ട് കൊമ്മേരി പുതുശ്ശേരിക്കണ്ടി വീട്ടിൽ അമ്മാളുക്കുട്ടി അമ്മയ്ക്ക്. പത്രങ്ങളിലൂടെയും ടി വി വാർത്തകളിലൂടെയുമാണ് സിപിഐ നേതാവായ പന്ന്യൻ രവീന്ദ്രൻ അമ്മാളുക്കുട്ടി അമ്മയ്ക്ക് മുന്നിലെത്തിയത്. ജീവിതത്തിലൊരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അവർക്ക് പന്ന്യൻ ഏറെ പ്രിയപ്പെട്ടവനായി. അദ്ദേഹത്തിന്റെ ചിരിയും നീണ്ട മുടിയും രസകരമായ സംസാരവുമെല്ലാം അവരുടെ ഹൃദയം കീഴടക്കി. അങ്ങിനെ ദൈവങ്ങളെ വരയ്ക്കാൻ ഏറെ ഇഷ്ടമുള്ള അമ്മാളുക്കുട്ടി അമ്മ പന്ന്യനെയും വരയ്ക്കാൻ തുടങ്ങി. ഓരോ ചിത്രം വരയ്ക്കുമ്പോഴും കൂടുതൽ നന്നാവാനുണ്ടെന്ന് പറഞ്ഞ് അവർ മാറ്റി മാറ്റി വരച്ചുകൊണ്ടിരുന്നു. ടി വിയിൽ പന്ന്യനെ കണ്ടാൽ അമ്മ അദ്ദേഹത്തെ തന്നെ നോക്കി നിൽക്കുമെന്ന് മക്കൾ പറയുന്നു.

’ പന്ന്യനെ നേരിൽ കാണമെന്നുണ്ടായിരുന്നു.. നമ്മുടെ വീട്ടിലേക്കൊക്കെ അദ്ദേഹം വരുമോ… ’ എന്ന ചോദ്യമായിരുന്നു ഒരു ചാനൽ പ്രവർത്തകരോട് അവര് ‍പങ്കുവെച്ചത്. ഈ വാർത്ത കണ്ടാണ് പന്ന്യൻ അമ്മയെ കാണാൻ വീട്ടിലേക്കെത്തിയത്. വരുമെന്നറിഞ്ഞതുമുതൽ അമ്മ വലിയ സന്തോഷത്തിലായിരുന്നെന്ന് മക്കൾ പറയുന്നു. ചേർത്തുപിടിച്ചപ്പോൾ സ്വന്തം അമ്മയെപ്പോലെയാണ് തോന്നിയതെന്ന് പന്ന്യൻ പറഞ്ഞു.

അമ്മാളുക്കുട്ടി അമ്മയ്ക്ക് ചെറുപ്പത്തിലേ ചിത്രം വരയിൽ താത്പര്യമുണ്ടായിരുന്നു. പതിനേഴാം വയസ്സിൽ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടു. കുടുംബ ജീവിതവുമെല്ലാമായി തിരക്കിലായതോടെ ചിത്രം വരയ്ക്കും വിരാമമായി. രണ്ടു വർഷം മുമ്പ് ഹാർട്ട് ബ്ലോക്ക് നീക്കിയ ശേഷം വീട്ടിൽ വിശ്രമത്തിലായതോടെയാണ് അമ്മാളുക്കുട്ടി അമ്മ വീണ്ടും ചിത്രം വരയിലേക്ക് തിരിഞ്ഞത്. കുട്ടികളെപ്പോലെ അവർ ചിത്രങ്ങൾ വരച്ചുകൂട്ടി. പ്രായാധിക്യത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് വിറയാർന്ന കരങ്ങളാൽ അവർ മനുഷ്യരെയും പൂക്കളെയും പൂമ്പാറ്റകളെയും വരച്ചു. ഇതിനിടയിലാണ് ടി വി വാർത്തകളിലൂടെ പന്ന്യൻ രവീന്ദ്രൻ അമ്മാളുക്കുട്ടി അമ്മയ്ക്ക് മുമ്പിലെത്തിയത്.

‘വരയ്ക്കണമെന്ന് തോന്നുമ്പോൾ മനസ്സിൽ തെളിയുന്ന രൂപങ്ങളെല്ലാം അങ്ങ് വരയ്ക്കും.. കളർ പെൻസിലോ കളറോ ഒക്കെ വരയ്ക്കാൻ ഉപയോഗിക്കും.. ഇതൊന്നുമില്ലെങ്കിൽ കൺമഷിയും ക്യൂട്ടക്സും പോലും അവർ നിറക്കൂട്ടുകളാക്കും’ — ചിത്രം വരയെക്കുറിച്ച് ബന്ധുക്കൾ പറയുന്നു. വരയ്ക്കുന്ന ചിത്രങ്ങളെലാം അമ്മാളുക്കുട്ടി അമ്മ ചുവരിൽ ഒട്ടിച്ചുവെക്കും. അങ്ങിനെ വീടിന്റെ ചുവരിൽ നൂറു കണക്കിന് ചിത്രങ്ങളാണ് അമ്മാളുക്കുട്ടി അമ്മ വരച്ചു വെച്ചിരിക്കുന്നത്. അമ്മ അലസമായി ഒരിടത്തും ഇരിക്കില്ലെന്ന് മക്കൾ പറയുന്നു. മുമ്പ് എംബ്രോയ്ഡറി ചെയ്യുമായിരുന്നു. അടുത്തകാലം വരെ നന്നായി വായിക്കുമായിരുന്നു. ഇപ്പോൾ കൂടുതൽ നേരം വായിക്കുമ്പോൾ കണ്ണു വേദനിക്കും. എന്നാലും രാവിലെ കണ്ണടയില്ലാതെ പത്രങ്ങൾ ഉൾപ്പെടെ വായിക്കാറുണ്ട്. കണ്ണട വെക്കാൻ തനിക്ക് പേടിയാണെന്ന് അമ്മാളുക്കുട്ടി അമ്മ പറയുന്നു. ഭർത്താവ് മാധവൻ നായർ വർഷങ്ങൾക്ക് മുമ്പ് മരിച്ചു. അഞ്ച് മക്കളാണ് ഇവർക്ക്. പാർട്ടി സംസ്ഥാന എക്സി. അംഗം ടി വി ബാലൻ, സിറ്റി സൗത്ത് സെക്രട്ടറി പി അസീസ് ബാബു എന്നിവർക്കൊപ്പമായിരുന്നു പന്ന്യൻ രവീന്ദ്രൻ അമ്മാളുക്കുട്ടി അമ്മയെയും അവർ വരച്ച ചിത്രങ്ങളും കാണാനെത്തിയത്.

Exit mobile version