Site iconSite icon Janayugom Online

പന്തീരാങ്കാവ് പീഡനക്കേസ്; മദ്യം കുടിപ്പിച്ചെന്ന് യുവതിയുടെ മൊഴി

ഭര്‍ത്താവ് രാഹുല്‍ തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ അതിജീവിതയുടെ മൊഴി. മർദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ ആളുകളുണ്ടായിരുന്നു. ഭർത്താവ് തന്നെ ആദ്യമായി മർദിച്ചത് ഈ മാസം പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലിസിന് നൽകിയത്. ഫറോക്ക് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വടക്കന്‍ പറവൂരിലെ വീട്ടിലെത്തിയാണ് അതിജീവിതയുടെയും മാതാപിതാക്കളുടെയും മൊഴിയെടുത്തത്.
ഭർതൃമാതാവും ഭർത്താവും സുഹൃത്തും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് തന്നെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ താൻ ഛർദിച്ചു. തന്നെ മർദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ പോലും ആളുകൾ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചിൽ വച്ച് ഭർതൃമാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം കൂടി പറഞ്ഞാണ് തന്നെ പന്ത്രണ്ടാം തീയതി പുലർച്ചെ മർദിച്ചത്.

രാഹുലിന് കൂടുതൽ സ്ത്രീധനത്തിന് അർഹതയുണ്ട് എന്ന് പറഞ്ഞു. ഇനി എന്തെങ്കിലും കൂടി തരുമോ എന്നും ചോദിച്ചിരുന്നു. വിവാഹ ദിവസം തന്നെ തന്റെ ഫോൺ വാങ്ങി വെച്ചുവെന്നും തനിക്ക് സുഹൃത്തുക്കൾ അടക്കം അയച്ച മെസേജുകൾ കൈകാര്യം ചെയ്തത് ഭർത്താവാണെന്നും യുവതി പറഞ്ഞു. മുമ്പ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭർത്താവ് ചോദ്യം ചെയ്തു. ഈ സന്ദേശത്തിന്റെ കാര്യം പറഞ്ഞു തന്നെ മർദിച്ചുവെന്നും മർദ്ദിച്ച വിവരമറിഞ്ഞിട്ടും ഭര്‍തൃമാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി മൊഴിയിൽ പറയുന്നു.
കേസ് അന്വേഷിക്കുന്ന പ്രത്യേ­കസംഘം പ്രതിയായ രാഹുലിന്റെ വീട്ടില്‍ ഇന്നലെ രാവിലെ പരിശോധന നടത്തി. സിസിടിവി ദ്യശ്യങ്ങള്‍ അടക്കം പരിശോധിച്ചതായാണ് വിവരം. രാഹുലിന്റെ മാതാവിനെയും സഹോദരിയെയും ചോദ്യം ചെയ്യുമെന്ന് അറിയുന്നു. നവവധുവിനെ മര്‍ദിച്ച കേസില്‍ പ്രതിയായ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇയാള്‍ ബംഗളൂരു വഴി സിങ്കപ്പൂരിലേക്ക് കടന്നതായി അഭ്യൂഹങ്ങളുണ്ട്. രാഹുല്‍ നേരത്തെ ഈരാറ്റുപേട്ട സ്വദേശിനിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തിരുന്നെന്നും ഈ വിവാഹബന്ധം വേര്‍പെടുത്താതെയാണ് മകളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്തതെന്നും അതിജീവിതയുടെ പിതാവ് ആരോപിച്ചിരുന്നു.

കഴിഞ്ഞദിവസം രാഹുലിന്റെ മാതാവ് മകന്റെ വിവാഹനിശ്ചയം നടന്നതേയുള്ളൂവെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് മകന്‍ മുമ്പ് വിവാഹം കഴിച്ചിരുന്നതായി ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നവവധുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും രാഹുലിനെയും ബന്ധുക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും വിവിധ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ ഇയാളുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 

Eng­lish Sum­ma­ry: Pan­thi­rankav molesta­tion case; The wom­an’s state­ment that she drank alcohol

You may also like this video

Exit mobile version