Site iconSite icon Janayugom Online

പാനൂർ സ്ഫോടനം; വ്യാപക പരിശോധനയുമായി പൊലീസ്

പാനൂരിലെ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ വ്യാപക പരിശോധന നടത്തി പൊലീസ്. സംഭവത്തിൽ ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിലും ഊർജിതമാക്കി. ബോംബ് നിർമാണത്തിനു മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവർക്കായാണ് തിരച്ചിൽ. ഇരുവരേയും കണ്ടെത്തിയാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നു പൊലീസ് പറഞ്ഞു.

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കണ്ണൂർ- കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലടക്കം പൊലീസ് കർശന പരിശോധനയാണ് നടത്തുന്നത്. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലും പരിശോധന നടത്തി. ബോംബ്, ഡോഗ് സ്ക്വാഡുകളും പരിശോധനയിൽ പങ്കെടുത്തു. നേരത്തെ സിആർപിഎഫിന്‍റെ നേതൃത്വത്തിലും പരിശോധന നടത്തിയിരുന്നു.

പാനൂർ കുന്നോത്ത് പറമ്പിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചു. മൂളിയാത്തോട് കാട്ടിൻറവിട ഷെറിൻ (31) ആണ് മരിച്ചത്. പരിക്കേറ്റ വിനീഷ് എന്നയാളുടെ നില ഗുരുതരമായി തുടരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരായ അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സായൂജ് എന്നൊരാൾ കൂടി പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇയാള്‍ കോയമ്പത്തൂരിലേയ്ക്ക് രക്ഷപ്പെടുന്നതിനിടെ പാലക്കാട് നിന്നാണ് പിടിയിലാകുന്നത്.

Eng­lish Sum­ma­ry: Panur blast; Police with exten­sive investigation
You may also like this video

Exit mobile version