Site iconSite icon Janayugom Online

കാച്ചിവച്ച പപ്പടം മിച്ചമുണ്ടോ; രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും ധൈര്യമായി കഴിക്കാം; ഇങ്ങനെ ചെയ്താല്‍ മതി..

രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കുപോലും ധൈര്യമായി കഴിക്കാവുന്ന ഒരു അത്യുഗ്രന്‍ വിഭവമാണ് പപ്പടത്തോരന്‍. തലേന്ന് കാച്ചിവച്ച പപ്പടം മിച്ചമുണ്ടെങ്കില്‍ കളയാതെ ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാണിത്. പപ്പടത്തോരന്‍ ഉണ്ടാക്കാന്‍ വളരെ എളുപ്പവുമാണ്. ഉച്ചയ്ക്ക് ചോറിന് അധികം കറിയൊന്നും വേണ്ട ഈ പപ്പടത്തോരന്‍ ഉണ്ടെങ്കില്‍. അധികം സാധനങ്ങളും ഇതുണ്ടാക്കാന്‍ ആവശ്യമില്ല.

പപ്പടത്തോരന്‍ ഉണ്ടാക്കാന്‍…

1. പപ്പടം- 5–10 വരെ (ആളുകളെ എണ്ണത്തിനനുസരിച്ച് കുറയ്ക്കുകയോ കൂട്ടുകയോ ആകാം)
2. വെളിച്ചെണ്ണ- തോരന് കടുകു വറുക്കാന്‍ വേണ്ടി മാത്രം
3. തേങ്ങ ചിരകിയത്- അര മുറി( പപ്പടത്തിന്റെ എണ്ണത്തിനനുസരിച്ച് തേങ്ങയും കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യാം)
4. ജീരകം, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മുളക് പൊടി — തോരന് തേങ്ങ ചതയ്ക്കാന്‍ പാകത്തിന് മാത്രം

പാചക രീതി-

പപ്പടം വറുത്തുവയ്ക്കുക. ചിരകിവെച്ച തേങ്ങയിലേക്ക് മഞ്ഞള്‍പ്പൊടി- 1/2 ടീസ്പൂണ്‍, മുളക് പൊടി — 1/2 ടീസ്പൂണ്‍, ജീരകം- 1/4 ടീസ്പൂണ്‍, വെളുത്തുള്ളി — 3 അല്ലി എന്നിവ ചേര്‍ത്ത് തോരന്‍ പരുവത്തില്‍ ചതച്ച് എടുക്കുക. ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് രണ്ട് സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച്, കടുക് പൊട്ടിച്ചെടുക്കുക. കറിവേപ്പില, വറ്റല്‍ എന്നിവ ഇതിലേക്ക് ചേര്‍ത്ത് തയ്യാറാക്കിവച്ച തേങ്ങാക്കൂട്ട് ചേര്‍ക്കുക. പച്ച മണം മാറിവരുമ്പോള്‍ അതിലേക്ക് വറുത്ത പപ്പടം കഷ്ണങ്ങളാക്കി ചേര്‍ത്ത് ചെറുതായി ഇളക്കുക. അല്‍പ്പസമയത്തിനുശേഷം ഇറക്കിവയ്ക്കുക. നല്ല രുചിയുള്ള പപ്പടത്തോരന്‍ തയ്യാര്‍. പപ്പടത്തിന് ഉപ്പുള്ളതിനാല്‍ പ്രത്യേകം ഉപ്പ് ചേര്‍ക്കേണ്ട ആവശ്യമില്ല. പപ്പടത്തിന്റെ ഉപ്പ് തേങ്ങയില്‍ പിടിക്കുന്നതിനാല്‍ തോരന് ആവശ്യത്തിനുള്ള ഉപ്പുണ്ടാകും. 

Exit mobile version