Site iconSite icon Janayugom Online

സ്ത്രീകളെ നഗ്നരാക്കി പരേഡ്: രണ്ടുപേര്‍ കൂടി അറസ്റ്റില്‍

മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ കുക്കി വനിതകള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നതായും ഇവര്‍ ഒളിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുന്നതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ മറ്റ് നാല് പേരെ 11 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതി ഹുയിരേം ഹേരോദാസ് മെയ്തിയുടെ വീടിന് ഒരു കൂട്ടം സ്ത്രീകള്‍ തീയിട്ടിരുന്നു. പ്രതിയെന്ന് സംശയിക്കുന്ന മറ്റൊരു വ്യക്തിയുടെ വീടും ഒരു സംഘം ആക്രമിച്ചു. എന്നാല്‍ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. രണ്ട് കുക്കി സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വീ‍ഡിയോയില്‍ കാണുന്ന രണ്ട് സ്ത്രീകള്‍ക്ക് പുറമെ മറ്റൊരു സ്ത്രീയും ലൈംഗിക അതിക്രമത്തിന് ഇരയായതായി റിപ്പോര്‍ട്ടുണ്ട്. ഇവരില്‍ ഒരു വനിത കൂട്ട ബലാത്സംഗത്തിനിരയായതായി പൊലീസിന് ലഭിച്ച പരാതിയില്‍ പറയുന്നു. 

മേയ് മാസം 18ന് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും വീഡിയോ പ്രചരിച്ചതോടെയാണ് അറസ്റ്റുണ്ടായത്. വിഷയത്തില്‍ കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ ശക്തമായ പ്രതിഷേധം രാജ്യത്ത് വിവിധയിടങ്ങളില്‍ തുടരുകയാണ്. പ്രതികള്‍ക്ക് മരണശിക്ഷ നല്‍കണമെന്ന ആവശ്യവുമായി യുണൈറ്റഡ് നാഗാ കൗണ്‍സില്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തി. മണിപ്പൂരില്‍ ഈ മാസം ആറിന് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പടിഞ്ഞാറൻ ഇംഫാലില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. 

Eng­lish Sum­ma­ry: Parade of women naked: Two more arrested

You may also like this video

Exit mobile version