പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു. ഒന്നാംപ്രതി ഗ്രീഷ്മ, രണ്ടാംപ്രതി ഗ്രീഷ്മയുടെ അമ്മ സിന്ധു, മൂന്നാംപ്രതി അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവര്‍ക്കെതിരായ കുറ്റപത്രമാണ് ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ചത്. ഷാരോണിനെ ജീവിതത്തില്‍നിന്ന് ഒഴിവാക്കാനായി ഗ്രീഷ്മ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണ് കുറ്റപത്രത്തില്‍ വ്യക്താമാക്കുന്നു. 142 സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ജ്യൂസ് ചലഞ്ച് പരാജയപ്പെട്ടതോടെയാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഒന്നാംപ്രതിയായ ഗ്രീഷ്മ, ലൈംഗികബന്ധത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷമാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മയ്ക്ക് ഉയര്‍ന്ന സാമ്പത്തികനിലയുള്ള സൈനികന്റെ വിവാഹാലോചന വന്നതോടെ പ്രണയം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പല തവണ ഷാരോണിനോട് ബന്ധം അവസാനിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും ഷാരോണ്‍ തയാറായിരുന്നില്ല. തുടര്‍ന്ന് ഷാരോണിനെ പൂര്‍ണമായും ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.
തുടക്കത്തില്‍ ജ്യൂസില്‍ പാരസെറ്റമോള്‍ ഗുളികകള്‍ പൊടിച്ച് നല്‍കി കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും, ജ്യൂസിന് കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ തുപ്പിക്കളഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ചു. ഇതിനുപിന്നാലെയാണ് കഷായത്തില്‍ വിഷം കലര്‍ത്തിനല്‍കി കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
സംഭവദിവസം ഷാരോണുമായി സെക്‌സ് ചാറ്റ് ചെയ്തതിന് ശേഷം ലൈംഗികബന്ധത്തിനായാണ് ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഈ വാട്‌സാപ്പ് ചാറ്റിന്റെ തെളിവുകളും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഷാരോണ്‍ വീട്ടിലേക്ക് വരുന്നതിന് മുന്‍പ് തന്നെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് ഒരുഗ്ലാസ് കഷായം ഷാരോണിനെകൊണ്ട് കുടിപ്പിച്ചു. കഷായം കുടിച്ച് വീടിന് പുറത്തേക്ക് പോയ ഷാരോണ്‍ ഛര്‍ദിച്ച് അവശനായാണ് പുറത്തുകാത്തിരുന്ന സുഹൃത്തിന്റെ അടുത്തെത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗ്രീഷ്മയുടെ വീട്ടില്‍നിന്ന് കഷായം കുടിച്ച് അവശനായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25‑നാണ് മരിച്ചത്. തുടര്‍ന്ന് ഷാരോണിന്റെ കുടുംബത്തിന്റെ പരാതിയില്‍ ഗ്രീഷ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary: parassala sharon murder case police submitted charge sheet
You may also like this video