Site iconSite icon Janayugom Online

പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ഇനി പഞ്ചായത്തിലും

സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാകും. സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്) വഴിയാണ് ഇത് നടപ്പിലാക്കുക. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാരന്റിങ് ക്ലിനിക്കുകള്‍ നല്‍കിവരുന്ന സേവനങ്ങള്‍ക്ക് പുറമെയാണ് പുതിയ ഔട്ട് റീച്ച് ക്യാമ്പുകള്‍ ആരംഭിക്കുക. ഡിസംബറില്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് വനിതാ ശിശു വികസന മന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകിട്ട് അഞ്ചു വരെയാവും ഔട്ട് റീച്ച് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രി വ്യക്തമാക്കി.
അനുയോജ്യമായ ഏതെങ്കിലും ഒരു സ്ഥലത്ത് ഒരു ശനിയാഴ്ച ഒരു പഞ്ചായത്തില്‍ എന്ന രീതിയിലാകും ക്യാമ്പ്. ഇങ്ങനെ ഒരു ജില്ലയില്‍ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു തവണ നടപ്പാക്കിക്കഴിഞ്ഞാല്‍ ആദ്യം ആരംഭിച്ച പഞ്ചായത്ത് മുതല്‍ ചാക്രിക രീതിയില്‍ ക്യാമ്പ് ആവര്‍ത്തിക്കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, നുട്രീഷനിസ്റ്റ്, കരിയര്‍ ഗൈഡന്‍സ് സ്‌പെഷ്യലിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാക്കും. ഐസിഡിഎസ് ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ ശിശു വികസന പ്രോഗ്രാം ഓഫീസര്‍മാര്‍ക്കാണ് പഞ്ചായത്ത് തലത്തില്‍ സംഘാടന ചുമതല. അങ്കണവാടി പ്രവര്‍ത്തകര്‍, തദ്ദേശ സ്വയംഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ സഹായം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കും.
കുട്ടികളിലെ അക്രമ വാസന, മാനസിക സംഘര്‍ഷങ്ങള്‍ മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണം ശരിയായ രക്ഷാകര്‍തൃത്വത്തിന്റെ അഭാവം ആണെന്ന പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് പാരന്റിങ് ക്യാമ്പുകള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

Eng­lish Sum­ma­ry: Par­ent­ing clin­ics are now avail­able in the pan­chay­at as well

Exit mobile version