Site iconSite icon Janayugom Online

നിയമനങ്ങളിൽ ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് മുൻഗണന: മന്ത്രി എം ബി രാജേഷ്

ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് തദ്ദേശസ്ഥാപനങ്ങളിലെ താൽക്കാലിക നിയമനങ്ങളിൽ മുൻഗണന നൽകുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നിയമപരവും സാങ്കേതികവുമായ തടസങ്ങള്‍ ഇല്ലെങ്കില്‍ നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി. വടവുകോട് പോൾ പി മാണി ഓഡിറ്റോറിയത്തിൽ ബഡ്സ് സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ബഡ്സ് സ്കൂൾ ഉല്പന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നത് ഉൾപ്പെടെ ഇവരുടെ ഉപജീവനം ഉറപ്പാക്കുന്നതിനുള്ള മറ്റ് ചില പദ്ധതികളും കുടുംബശ്രീ ആലോചിക്കുന്നുണ്ട്. കുടുംബശ്രീ നടത്തുന്ന ഏറ്റവും വലിയ സാമൂഹിക ഇടപെടലുകളാണ് ബഡ്സ് സ്കൂളുകളും റീഹാബിലിറ്റേഷൻ സെന്ററുകളും. കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ വിധി വാക്യങ്ങളെ തിരുത്തിക്കുറിച്ച മഹാ പ്രസ്ഥാനമാണ് കുടുംബശ്രീ. ഇന്ത്യയിൽ ഏറ്റവും കുറവ് അതിദരിദ്രർ ഉള്ള സംസ്ഥാനമാണ് കേരളം. ഇതിലേക്കെത്താൻ കുടുംബശ്രീ വഹിച്ച പങ്ക് വളരെ വലുതാണ്. ശാരീരിക മാനസിക വെല്ലുവിളികളുള്ള കുട്ടികളെ പരിചരിക്കുന്നതിനായി പലപ്പോഴും മാതാപിതാക്കൾക്ക് ജോലിക്ക് പോകാൻ കഴിയാതെ വരുന്നത് ദാരിദ്ര്യത്തിന് കാരണമായേക്കാം. അത് കൊണ്ടാണു കുട്ടികളെ പരിചരിക്കുന്നതിനായി കുടുംബശ്രീ ബഡ്സ് സ്കൂളുകൾ ആരംഭിച്ചത്. ബഡ്സ് സ്കൂൾ വിദ്യാർത്ഥികളുടേയും മാതാപിതാക്കളുടെയും കൈ പിടിച്ച് സർക്കാർ ഒപ്പമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ പി വി ശ്രീനിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 

Exit mobile version