Site iconSite icon Janayugom Online

ഏറ്റുമുട്ടലുകളോടെ പാര്‍ലമെന്റ് പിരിഞ്ഞു

ശക്തമായ ഭരണ‑പ്രതിപക്ഷ ഏറ്റുമുട്ടലിന് വേദിയായ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം അവസാനിച്ചു. ഇന്നലെ ചേര്‍ന്ന ലോക്‌സഭയും രാജ്യസഭയും കാര്യമായ നടപടി ക്രമത്തിലേക്ക് കടക്കാതെ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

എസ്ഐആറിനെതിരെ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തോടെയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് തുടക്കമായത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇരുസഭകളിലും തെരഞ്ഞെടുപ്പ് പരിഷ്കരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഈ വിഷയം ചര്‍ച്ച ചെയ്തു. പ്രതിപക്ഷം ശക്തമായ പ്രതിരോധം ഉയര്‍ത്തിയെങ്കിലും മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ നടപടി ദോഷമാണ് ചര്‍ച്ചകളില്‍ പ്രതിരോധത്തിനായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം വിവിധ വിഷയങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു.

ലോക്‌സഭയില്‍ ഡല്‍ഹി ഉള്‍പ്പെടുന്ന രാജ്യ തലസ്ഥാനത്തെ അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം ചര്‍ച്ച ചെയ്യാമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകളിലേക്കോ നടപടികളിലേക്കോ കടക്കാതെ വന്ദേമാതരം പാടി അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. മേശപ്പുറത്ത് വയ്ക്കാനുള്ള രേഖകളുടെ നടപടി ക്രമം പൂര്‍ത്തിയായതോടെ രാജ്യസഭയും അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികത്തോടനുബന്ധിച്ച ചര്‍ച്ചകള്‍, എസ്ഐആര്‍, രാജ്യത്തെ ആണവ മേഖലയില്‍ സ്വകാര്യ പങ്കാളിത്തവും 100 % വിദേശ നിക്ഷേപവും ലക്ഷ്യമിടുന്ന ശാന്തി ബില്‍, ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്ത ചോര്‍ത്തുന്ന വിബി ജി ആര്‍എഎം ജി ബില്‍, ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും വിദേശ നിക്ഷേപത്തിന് തുറന്നു കൊടുക്കുന്ന ഭേദഗതി ബില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ബിസിനസുകള്‍ മുഴുവനും നടപ്പ് സമ്മേളനം പൂര്‍ത്തിയാക്കി.
പതിനെട്ടാം ലോക്‌സഭയുടെ ഡിസംബര്‍ ഒന്നിന് ആരംഭിച്ച ആറാം സമ്മേളനം ഏറെ ഫലപ്രദമായിരുന്നെന്ന് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. 10 ബില്ലുകള്‍ സഭയില്‍ അവതരിപ്പിച്ചു. എട്ട് ബില്ലുകള്‍ക്ക് സഭ അംഗീകാരം നല്‍കി. ആരോഗ്യ സുരക്ഷ ദേശീയ സുരക്ഷ സെസ് ബില്‍, മണിപ്പൂര്‍ ജിഎസ്ടി ബില്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടും.

ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ ചെയര്‍മാന്‍ സി പി രാധാകൃഷ്ണന്‍ നിയന്ത്രിച്ച ആദ്യ രാജ്യസഭാ സമ്മേളനമായിരുന്നു ഇന്നലെ അവസാനിച്ചത്. അടുത്ത വര്‍ഷം ബജറ്റ് സമ്മേളനത്തിനാകും ഇരു സഭകളും വീണ്ടും സമ്മേളിക്കുക.

Exit mobile version