പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി പാര്‍ലമെന്റിന്റെ ഇരുസഭകളും. സര്‍ക്കാരിന്റെ മര്‍ക്കടമുഷ്ടിക്കെതിരെ പ്രതിപക്ഷം പ്രതിരോധം തീര്‍ത്തതോടെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ബിഹാറിലെ വോട്ടര്‍പട്ടിക തീവ്ര വേഗത്തില്‍ പുതുക്കുന്ന തെരഞ്ഞെടുപ്പു കമ്മിഷന്‍ നടപടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ നോട്ടീസുകള്‍ക്ക് ഇരു സഭകളിലും അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
രാവിലെ സമ്മേളിച്ച ലോക്‌സഭ ആദ്യം 12 വരെയും പിന്നീട് രണ്ടു വരെയും നിര്‍ത്തിവച്ചു. പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിരോധം കടുപ്പിച്ചതോടെ ഉച്ചതിരിഞ്ഞു ചേര്‍ന്ന ലോക്‌സഭ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്. രാജ്യസഭയിലും സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെ ഇന്നത്തേക്ക് പിരിഞ്ഞു.

