പാര്‍ലമെന്റ് സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍ക്ക് പ്രതിപക്ഷവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ഡല്‍ഹി പൊലീസ് നിര്‍ബന്ധിച്ചതായി വെളിപ്പെടുത്തല്‍. ഇതിനായി അന്വേഷണ സംഘം ഭീകരമായി മര്‍ദിച്ചുവെന്നും പ്രതികളായ സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍, ലളിത് ഝാ, അമോല്‍ ഷിന്‍ഡെ, മഹേഷ് കുമാവത് എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു. അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹര്‍ദീപ് കൗറിന് മുമ്പാകെയാണ് പ്രതികള്‍ ഡല്‍ഹി പൊലീസില്‍ നിന്ന് നേരിട്ട കൊടിയ പീഡനം വിവരിച്ചത്.
പ്രതിപക്ഷ ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ ക്രൂരമായി മര്‍ദിച്ചു. കുറ്റം സമ്മതിക്കാന്‍ ഇലക്ട്രിക് ഷോക്ക് നല്‍കുകയും വെള്ളപേപ്പറുകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. യുഎപിഎ പ്രകാരം ചുമത്തിയ കേസായതിനാല്‍ ഉടനടി ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഡി മനോരഞ്ജന്‍, സാഗര്‍ ശര്‍മ്മ എന്നിവര്‍ തങ്ങള്‍ അനുഭവിച്ച കൊടിയ പീഡനത്തിന്റെ തെളിവുകള്‍ കോടതിക്ക് മുമ്പാകെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
തുടര്‍ന്നാണ് വിഷയത്തില്‍ ഡല്‍ഹി പൊലീസ് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടത്. പ്രതികളുടെ കസ്റ്റഡി മാര്‍ച്ച് ഒന്ന് വരെ നീട്ടാനും കോടതി ഉത്തരവിട്ടു. കേസിലെ ആറാം പ്രതിയായ നീലത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ ഡിസംബര്‍ 13നായിരുന്നു സംഭവം അരങ്ങേറിയത്.
English Summary: Parliament Security Breaches; The accused were beaten to admit that they had opposition relations
You may also like this video