Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പാര്‍ലമെന്റ് സമ്മേളനം; എതിര്‍പ്പുമായി പ്രതിപക്ഷം

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയഭീതിയും മറികടക്കാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ചേരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഈ മാസം 18 മുതല്‍ 22വരെ ചേരുന്ന സമ്മേളനത്തില്‍ അഞ്ച് സിറ്റിങ്ങുകളാണ് ഉണ്ടാകുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്‌സില്‍ കുറിച്ചു. അതേസമയം പ്രതിപക്ഷ കക്ഷി നേതാക്കള്‍ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തി.

അമൃത് കാല്‍ ആഘോഷങ്ങളും ഇന്ത്യ വികസിത രാജ്യമായെന്ന നിലയിലുള്ള വിഷയങ്ങളുമാകും സഭയില്‍ ചര്‍ച്ചചെയ്യുകയെന്ന സൂചനകളാണ് പുറത്തുവരുന്നത്. അജണ്ട നിശ്ചയിക്കാത്ത സഭാസമ്മേളനത്തില്‍ സുപ്രധാനമായ ബില്ലുകള്‍ ഏതെങ്കിലും പരിഗണനയ്ക്ക് എത്തുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള നീക്കമാണ് ബിജെപിയും മോഡിയും പ്രത്യേക സഭാ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാണ്. പ്രതിപക്ഷ സഖ്യം ഇന്ത്യയുടെ യോഗം മുംബൈ നഗരത്തിൽ ചേരുന്ന ദിവസംതന്നെ പാർലമെന്റിന്റെ അസാധാരണ സമ്മേളനം പ്രഖ്യാപിച്ചത് മോഡി സംഘത്തിന്റെ വേവലാതിയെയാണ് തുറന്നുകാട്ടുന്നത്. 

അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ് വർഷത്തിൽ മൂന്നിലധികം തവണ പാർലമെന്റ് സമ്മേളിച്ചിട്ടുള്ളത്. സാധാരണ ബജറ്റ്, വർഷ, മഞ്ഞുകാല സമ്മേളനങ്ങളാണ് നടത്താറുള്ളത്. അസാധാരണ സമ്മേളനം നടത്തി രാഷ്ട്രീയ മുൻകൈ തിരിച്ചുപിടിക്കാനുള്ള അറ്റകെെപ്രയോഗത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപിയും മുതിർന്നിരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യംവഴി കൈവരിച്ച ഐക്യവും മണിപ്പൂരിലെ വംശീയ കലാപവും ഗൗതം അഡാനിയുമായി ബന്ധപ്പെട്ട ഏറ്റവുംപുതിയ വെളിപ്പെടുത്തലുകളും മോഡിക്കും സംഘത്തിനും കനത്ത തിരിച്ചടിയാണ്.
ചന്ദ്രയാന്റെ വിജയവും ജി 20 രാജ്യങ്ങളിലെ രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനവും അവസാനിച്ചയുടന്‍ വിളിച്ചു ചേര്‍ക്കുന്ന പാര്‍ലമെന്റ് സമ്മേളനം തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുമാത്രമാണ്. മഹാരാഷ്ട്രയിലെ പ്രധാന ഉത്സവമായ ഗണേശ ചതുര്‍ത്ഥി ഉള്‍പ്പെടെ ആഘോഷങ്ങളുടെ ദിനങ്ങള്‍ സമ്മേളനത്തിനായി തിരഞ്ഞെടുത്തതിനെ പ്രതിപക്ഷം എതിര്‍ത്തിട്ടുണ്ട്.

Eng­lish Sum­ma­ry: Par­lia­ment ses­sion ahead of elec­tions; Oppo­si­tion with opposition

You may also like this video

Exit mobile version