Site icon Janayugom Online

കച്ചമുറുക്കി പ്രതിപക്ഷം; പാര്‍ലമെന്റ് സമ്മേളനം ഇന്ന് മുതല്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. സര്‍ക്കാരിനു വെല്ലുവിളിയായി പ്രതിപക്ഷ ഐക്യം. പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്നലെ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. സഭാ നടപടികള്‍ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ പ്രതിപക്ഷത്തിന്റെ പിന്തുണ തേടുന്ന പതിവ് യോഗത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷത വഹിച്ചു. സിപിഐയെ പ്രതിനിധീകരിച്ച് രാജ്യസഭാംഗം പി സന്തോഷ് കുമാറാണ് യോഗത്തില്‍ പങ്കെടുത്തത്. സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുത്ത പ്രതിപക്ഷം തങ്ങള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സമയം അനുവദിക്കണമെന്ന ആവശ്യം ഉയര്‍ത്തി. ഓഗസ്റ്റ് 11 നാണ് സമ്മേളനം സമാപിക്കുക. ഇതിന് മുന്നോടിയായി ലോക്‌സഭാ സ്പീക്കറുടെ നേതൃത്വത്തില്‍ കാര്യോപദേശക സമിതി യോഗവും ചേര്‍ന്നു.

ലോക്‌സഭാ സെക്രട്ടേറിയറ്റ് പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം 21 പുതിയ ബില്ലുകളാണ് സഭയുടെ പരിഗണനയ്ക്ക് എത്തുക. നിലവില്‍ സഭയില്‍ അവതരിപ്പിച്ച ബില്ലുകള്‍ സംയുക്ത സമിതിയുടെ പരിഗണനയ്ക്ക് പോയവയുടെ റിപ്പോര്‍ട്ടുകളും സഭയുടെ മേശപ്പുറത്തു വയ്ക്കും. വിവിധ പാര്‍ലമെന്ററി സമിതികള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി ഭേദഗതി ബില്‍ 2022, ജന്‍ വിശ്വാസ്, മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭേദഗതി ബില്‍ 2022, ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ഭേദഗതി ബില്‍ 2023, മീഡിയേഷന്‍ ബില്‍ 2021 എന്നിവ സഭയുടെ പരിഗണനയ്ക്ക് എത്തും.

ഡല്‍ഹിയിലെ ഉദ്യോഗസ്ഥ നിയമനം സംസ്ഥാന സര്‍ക്കാരിന്റെ അധികാരത്തില്‍ പെടുമെന്ന സുപ്രീം കോടതി വിധി മറികടക്കാന്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമമാക്കാനുള്ള ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി ഭേദഗതി ബില്‍ പരിഗണനയ്ക്ക് എത്തും. ബില്ലിനെ ശക്തമായി എതിര്‍ക്കുമെന്ന പ്രതിപക്ഷ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയില്‍ ബില്ലിന്റെ പാസാക്കല്‍ ഭരണ‑പ്രതിപക്ഷത്തിന്റെ ശക്തമായ പോരാട്ടത്തിന് വഴിവയ്ക്കും. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലും സഭയുടെ പരിഗണനയ്ക്ക് എത്തും.

സര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ ഉറച്ചാണ് ഇക്കുറി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലുമെത്തുക. പ്രതിപക്ഷത്തിന്റെ ഈ വെല്ലുവിളി സര്‍ക്കാരിനെ കടുത്ത സമ്മര്‍ദത്തിലാക്കും. അതേസമയം ആകെ 17 പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് ഇരു സഭകള്‍ക്കും ലഭിക്കുക. പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭ മുങ്ങിയാല്‍ സര്‍ക്കാരിന്റെ ബില്ലുകള്‍ പാസാക്കല്‍ അനിശ്ചിതത്തില്‍ ആയേക്കുമെന്നും വിലയിരുത്തലുണ്ട്. 

Eng­lish Summary:Parliament ses­sion from today

You may also like this video

Exit mobile version