Site iconSite icon Janayugom Online

പാര്‍ലമെന്റ് നിശ്ചലമായി; വിലങ്ങണിഞ്ഞ് പ്രതിഷേധം

കയ്യാമവും കാല്‍വിലങ്ങുമണിയിച്ച് ഇന്ത്യക്കാരെ നാടുകടത്തിയ അമേരിക്കന്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിച്ചു.
ലോക്‌സഭയില്‍ ചോദ്യവേള ആരംഭിച്ചയുടന്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷത്തെ പിന്തിരിപ്പിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ ശ്രമങ്ങളൊന്നും ഫലം കാണാതായതോടെ സഭ നിര്‍ത്തിവച്ചു. വീണ്ടും 12ന് സമ്മേളിച്ചപ്പോഴും പ്രതിപക്ഷം പ്രതിഷേധത്തില്‍ നിന്നും പിന്തിരിയാന്‍ കൂട്ടാക്കാത്തതോടെ രണ്ടുവരെ നിര്‍ത്തി. രണ്ടിനു ചേര്‍ന്ന സഭ മൂന്നര വരെയും പിന്നീട് ഇന്നത്തേക്കും പിരിയുകയാണുണ്ടായത്.

രാവിലെ സമ്മേളിച്ച രാജ്യസഭയില്‍ നടപടികള്‍ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് സിപിഐ അംഗങ്ങളായ പി സന്തോഷ് കുമാര്‍, പി പി സുനീര്‍ തുടങ്ങി 16 പ്രതിപക്ഷ അംഗങ്ങള്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം പ്രതിഷേധിച്ചതോടെ 12 വരെ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്ന സഭ രണ്ടു വരെയും നിര്‍ത്തി. ഉച്ചതിരിഞ്ഞ്, രാജ്യസഭയില്‍ അമേരിക്കയില്‍ നിന്നും ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇതാദ്യമല്ലെന്നും മുന്‍ വര്‍ഷങ്ങളിലെ കണക്കും നിരത്തി വിദേശകാര്യ മന്ത്രി ന്യായീകരിച്ചു. മന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം അംഗങ്ങള്‍ ഉന്നയിച്ച ആശങ്കകള്‍ക്കും ചോദ്യങ്ങള്‍ക്കും കൃത്യമായ വിശദീകരണം നല്‍കാന്‍ മന്ത്രിക്കായില്ല. പിന്നീട് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിലുള്ള നന്ദി പ്രമേയ ചര്‍ച്ചകളിലേക്ക് സഭ കടക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭയില്‍ മറുപടി പറഞ്ഞു. പ്രമേയത്തിന്‍മേല്‍ അംഗങ്ങള്‍ കൊണ്ടുവന്ന ഭേദഗതികളെല്ലാം സഭ ശബ്ദവോട്ടിനിട്ട് തള്ളി ഇന്നത്തേക്കു പിരിഞ്ഞു. ഇന്ത്യക്കാരെ നാടുകടത്തുന്ന രീതിയോട് പ്രതിഷേധിച്ച് ഇടതുപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലും പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലും പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധം നടന്നു. പ്രതിപക്ഷ നേതാക്കള്‍ സാങ്കല്പികമായി കൈവിലങ്ങണിഞ്ഞാണ് പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.

Exit mobile version