Site iconSite icon Janayugom Online

പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും; ഡല്‍ഹി സര്‍വീസ് ബില്‍ ഇന്ന്

മണിപ്പൂര്‍ വിഷയത്തില്‍ കലങ്ങി മറിയുന്ന പാര്‍ലമെന്റ് വീണ്ടും പ്രക്ഷുബ്ധമാകും. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ വരുതിയിലാക്കാന്‍ ഉദേശിച്ചുള്ള ഡല്‍ഹി സര്‍വീസ് ബില്ലാകും ഭരണ‑പ്രതിപക്ഷ പോരിന് ആക്കം കൂട്ടുക. ഈമാസം 20 ആരംഭിച്ച വര്‍ഷകാല സമ്മേളനത്തില്‍ മണിപ്പൂര്‍ വിഷയത്തില്‍ ദുരുഹ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിലപാടും, ബിജെപി നേതാക്കളുടെ പ്രതികരണവും ചൂടേറിയ പ്രതിഷേധത്തിനും പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്കിലുമാണ് അവസാനിച്ചത്. 

അതേസമയം പ്രതിപക്ഷത്തിന്റെ അഭാവത്തില്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന പല ബില്ലുകളും കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്തു. കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷസഖ്യമായ ഇന്ത്യ നല്‍കിയ അവിശ്വാസ പ്രമേയം നിലനില്‍ക്കെയാണ് പല വിവാദ ബില്ലുകളും കേന്ദ്രം പാസാക്കിയത്. അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി കഴിഞ്ഞാല്‍ ബില്‍ പാസാക്കുന്നത് പോലുള്ള പ്രധാന നടപടികള്‍ പാടില്ലെന്ന കീഴ്‌വഴക്കം ലംഘിച്ചാണ് പല ബില്ലുകളും ധൃതി പിടിച്ച് കേന്ദ്രം പാസാക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഡല്‍ഹി സര്‍ക്കാരിനെ വരുതിയിലാക്കാനുള്ള കേന്ദ്ര ഓര്‍ഡിനന്‍സ് പാര്‍ലമെന്റില്‍ ബില്ലായി ഇന്ന് അവതരിപ്പിക്കും. അധികാരത്തര്‍ക്കത്തില്‍ ഡൽഹി സർക്കാരിന് അനുകൂലമായ സുപ്രീം കോടതിവിധി മറികടക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ബില്ലിന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പ്രതിപക്ഷ പാര്‍ട്ടികളൊന്നാകെ ബില്ലിനെ എതിര്‍ക്കുന്നുണ്ട്. ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് കൂടി രംഗത്ത് വന്നത് പാര്‍ലമെന്റില്‍ പ്രതിപക്ഷ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും.

ലോ‌‌ക‌്സഭ പാസാക്കിയ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബില്‍, വന സംരക്ഷണ ഭേദഗതി നിയമം, ജന്‍വിശ്വാസ് ബില്‍ അടക്കമുള്ളവ രാജ്യസഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ലോക‌്സഭയിലെ മൃഗീയ ഭൂരിപക്ഷം രാജ്യസഭയില്‍ ഇല്ലാത്ത ബിജെപി ചെറുപാര്‍ട്ടികളുടെ സഹായത്തോടെ ബില്‍ പാസാക്കാനാവും ശ്രമിക്കുക. ഇതിനായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ ബിജെപി തേടിയിട്ടുണ്ട്. 

Eng­lish Sum­ma­ry; Par­lia­ment will be in tur­moil; Del­hi Ser­vices Bill Today
You may also like this video

Exit mobile version