Site icon Janayugom Online

പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

വിലക്കയറ്റം, ജിഎസ്‌ടി നിരക്ക് വർധന വിഷയങ്ങളിൽ ഇന്നും പാര്‍ലമെന്റ് പ്രക്ഷുബ്ധമായേക്കും. ജിഎസ്‌ടി നിരക്ക് വർധനയെ കേരളമടക്കം പിന്തുണച്ചിരുന്നെന്ന വാദം സംസ്ഥാനങ്ങൾ തള്ളിയതോടെ കേന്ദ്രം എന്ത് വിശദീകരണം നല്കുമെന്നത് നിർണായകമാണ്. അഗ്നിപഥ് റിക്രൂട്ട്മെന്റിനെക്കുറിച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുമെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ പതിനെട്ടിന് തുടങ്ങിയ പാർലമെന്റിന്റെ വർഷകാല സമ്മേളനം ഒരു ദിവസം പോലും പൂർണമായി ചേരാൻ കഴി‍ഞ്ഞിരുന്നില്ല. വിലക്കയറ്റം, ജിഎസ്‌ടി വിഷയങ്ങളിൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം നിരന്തരമായി തള്ളിയതോടെ ഇരു സഭകളും പ്രതിഷേധത്തിൽ മുങ്ങുകയായിരുന്നു. അച്ചടക്കം ലംഘനത്തിന്റെ പേരിൽ ലോക്‌സഭയിലും രാജ്യസഭയിലുമായി 27 എംപിമാരെ സസ്പെന്‍ഡ് ചെയ്തത് പ്രക്ഷോഭം കടുപ്പിക്കാന്‍ കാരണമായി. രാജ്യസഭാ എംപിമാരുടെ സസ്പെൻഷൻ കാലാവധി കഴി‍ഞ്ഞെങ്കിലും ലോക്‌സഭാ എംപിമാരായ ടി എൻ പ്രതാപൻ, രമ്യ ഹരിദാസ്, മാണിക്കം ടാഗോർ, ജ്യോതി എന്നിവരെ ഈ സമ്മേളന കാലം മുഴുവന്‍ മാറ്റി നിർത്തിയിരിക്കുകയാണ്. ലോക്‌സഭയിൽ രണ്ട് ബില്ലുകളാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര സർവകലാശാലകൾ (ഭേദഗതി) ബിൽ2022 അവതരിപ്പിക്കാനും 2021 ലെ വന്യജീവി (സംരക്ഷണം) ഭേദഗതി ബിൽ പാസാക്കാനുമാണ് നീക്കം.

രാജ്യസഭയിലും ഇന്ന് രണ്ട് ബില്ലുകൾ പരിഗണനയ്ക്കായി വരും ആയുധ നിയമ ദേഭദഗതിയും അന്റാർട്ടിക് ഉടമ്പടിയുടെ പരിസ്ഥിതി സംരക്ഷണ പ്രോട്ടോക്കോളും. രാഷ്ട്രപതിയെകുറിച്ചുള്ള പരാമർശത്തിൽ പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തിയിരുന്നു. അതിന്റെ ബഹളത്തിനിടയിൽ രണ്ടു ബില്ലുകള്‍ സർക്കാർ പാസാക്കിയെടുത്തിരുന്നു. വിലക്കയറ്റ വിഷയം ചർച്ച ചെയ്യാൻ തയാറാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും അംഗങ്ങളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കാതെ സഭാ നടപടികളുമായി സഹകരിക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷം. ഈ സമ്മേളനത്തിൽ പാർലമെന്റിൽ പാസാക്കുന്നതിനായി 32 ബില്ലുകളാണ് കേന്ദ്രം ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ രണ്ടാഴ്ച പിന്നിടുമ്പോൾ സർക്കാർ ആഗ്രഹിച്ച കാര്യങ്ങൾ നടപ്പാകാനിടയില്ല. ഇതുവരെ, ലോക്‌സഭ ഏകദേശം 16 മണിക്കൂറും രാജ്യസഭ 11 മണിക്കൂറും മാത്രമാണ് പ്രവര്‍ത്തിച്ചത്.

Eng­lish sum­ma­ry; Par­lia­ment will be in tur­moil today

You may also like this video;

Exit mobile version