ലഭിക്കുന്ന പരാതികളില്‍ ബന്ധപ്പെട്ട ഏജൻസികളുമായി സഹകരിച്ച് എത്രയും വേഗത്തില്‍ തീര്‍പ്പുകല്പിക്കണമെന്ന് ദേശീയ വനിതാ കമ്മിഷ(എൻസിഡബ്ല്യൂ)നോട് പാര്‍ലമെന്ററി സമിതി നിര്‍ദേശിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ വനിതകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപങ്ങളുടെ പശ്ചാത്തലത്തിലാണ് നിര്‍ദേശം. പരാതി പരിഹാരത്തില്‍ എൻസിഡബ്ല്യു സ്വീകരിച്ച നടപടികള്‍ വനിതാ ശിശു വികസന മന്ത്രാലയം നിരീക്ഷിക്കണമെന്നും ബിജെപി എംപി ഹീനാ ഗാവിത് നേതൃത്വം നല്‍കുന്ന വനിതാ ശാക്തീകരണ കമ്മിറ്റി നിര്‍ദേശിച്ചു. ദേശീയ വനിതാ കമ്മിഷന്റെയും സംസ്ഥാന വനിതാ കമ്മിഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഘടിതവും കാര്യക്ഷമവുമായ പ്രവര്‍ത്തനങ്ങളിലൂടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സഹായത്തോടെയും ഇത് നടപ്പാക്കണമെന്നും ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. രാജ്യത്തെ ഭൂരിഭാഗം വനിതകള്‍ക്കും പ്രത്യേകിച്ച് ഗ്രാമീണ, ഉള്‍നാടൻ, മലമ്പ്രദേശങ്ങളിലെ വനിതകള്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചും വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അറിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സന്ദര്‍ഭത്തില്‍ സമൂഹമാധ്യമങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ ഉപയോഗിച്ച് ഈ മേഖലകളിലെ വനിതകള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്മിഷൻ നടപ്പാക്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തു.
ഹെല്‍പ്പ് ലൈൻ നമ്പരുകള്‍ എളുപ്പത്തില്‍ ഓര്‍മ്മിക്കാൻ കഴിയുന്നവയാക്കി മാറ്റാനും വനിതാ കമ്മിഷനുകള്‍ രൂപീകരിക്കാത്ത സംസ്ഥാനങ്ങള്‍ കണ്ടെത്തി അവ ആരംഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും വനിതാ ശിശു വികസന മന്ത്രാലയത്തോട് സമിതി ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥ ഒഴിവുകള്‍ നികത്താൻ സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനും മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
English Summary;Parliamentary committee recommendation; Women’s Commissions should be strengthened
You may also like this video

