കോവിഡിന്റെ പേരില്‍ വെട്ടിക്കുറച്ച മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള റയില്‍വേ യാത്രാ ഇളവുകള്‍ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് പാർലമെന്ററി കമ്മിറ്റി ശുപാർശ ചെയ്തു. മുതിർന്ന പൗരന്മാർക്ക് യാത്രാ നിരക്കില്‍ നേരത്തെ അനുവദിച്ചിരുന്ന ഇളവ് തുടര്‍ന്നും നല്കണം. സ്ലീപ്പർ ക്ലാസിനും എസി ത്രീടയർ യാത്രയ്ക്കുമുണ്ടായിരുന്ന ഇളവുകൾ പുനഃസ്ഥാപിക്കണമെന്നും ബിജെപി അംഗം രാധാ മോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതി ആവശ്യപ്പെട്ടു. അതേസമയം മുതിർന്ന പൗരന്മാര്‍ക്ക് ഇളവുകൾ സ്വമേധയാ ഉപേക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ‘ഗിവ് അപ്പ്’ പദ്ധതിക്ക് പ്രചാരണം നൽകാനും ഓഗസ്റ്റ് നാലിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് പ്രോട്ടോകോൾ കഴിഞ്ഞ് റയിൽവേ സാധാരണ നിലയിലേക്ക് നീങ്ങുന്നതിനാൽ ഇളവുകള്‍ പഴയതുപോലെ തുടരണം. വിവിധ വിഭാഗങ്ങളിലെ യാത്രക്കാർക്ക് അനുവദിച്ചിട്ടുള്ള ഇളവുകൾ വിവേകപൂർവം പരിഗണിക്കണമെന്നും ദുർബലരായ മുതിർന്ന പൗരന്മാർക്ക് ഉയര്‍ന്ന ക്ലാസുകളിലെ സൗകര്യം പ്രയോജനപ്പെടുത്താനാകണമെന്നും സമിതി ചൂണ്ടിക്കാട്ടി. നേരത്തേ യാത്രാ ഇളവുകള്‍ പുനഃസ്ഥാപിക്കാന്‍ സാധ്യതയില്ലെന്ന് റയില്‍വേ മന്ത്രാലയം അറിയിച്ചിരുന്നു. പിന്നീട് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നപ്പോള്‍ മുതിർന്ന പൗരന്മാർക്കുള്ള യാത്രാ ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തി പുനഃസ്ഥാപിക്കുമെന്ന് കഴിഞ്ഞ മാസം സൂചന നല്കി.
ആനുകൂല്യത്തിനുള്ള പ്രായപരിധി 70നു മുകളിലാക്കി, നോൺ എസി ക്ലാസിൽ മാത്രം നല്കുക എന്ന നിര്‍ദ്ദേശമാണ് പരിഗണിക്കുന്നത്. നേരത്തേ 58 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് 50 ശതമാനവും 60 വയസിനു മുകളിലുള്ള പുരുഷന്‍മാര്‍ക്ക് 40 ശതമാനവുമാണ് എല്ലാ ക്ലാസുകളിലും ആനുകൂല്യം നൽകിയിരുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കു മുന്നോടിയായി പദ്ധതികൾ പ്രഖ്യാപിച്ചേക്കും.
English Summary: Parliamentary committee to restore railway concessions
You may also like this video