ഏകീകൃത സിവില്‍ കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പാര്‍ലമെന്ററി സമിതിയോഗത്തില്‍ ഭരണ‑പ്രതിപക്ഷ വാക്ക്പേര്. വിഷയം അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം സര്‍ക്കാര്‍ വിശദമാക്കണമെന്ന് സമിതിയിലെ പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ദേശീയ നിയമ കമ്മിഷന്‍ ശുപാര്‍ശ ധൃതിപിടിച്ച് നടപ്പിലാക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ വ്യക്തമാക്കി. ബിജെപി അംഗം സുശീല്‍ മോഡി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയോഗമാണ് ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യാന്‍ എംപിമാരുടെ യോഗം വിളിച്ച് ചേര്‍ത്തത്.
ഡിഎംകെ, കോണ്‍ഗ്രസ് അംഗങ്ങളാണ് വിഷയത്തില്‍ വിയോജിപ്പുമായി രംഗത്ത് വന്നത്. നിയമ കമ്മിഷന്‍ ശുപാര്‍ശയ്ക്കെതിരെ ഡിഎംകെ അംഗം പി വില്‍സണും കോണ്‍ഗ്രസ് അംഗം വിവേക് തന്‍ഹയും രേഖാമൂലം വിയോജനക്കുറിപ്പ് സമര്‍പ്പിച്ചു. ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിന് മുമ്പ് ജനങ്ങളുമായും ബന്ധപ്പെട്ട കക്ഷികളുമായും വിശദമായ ചര്‍ച്ച നടത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗ വിഭാഗം ജനങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന പല ആനുകൂല്യങ്ങളും ഏകീകൃത സിവില്‍ കോഡ് വരുന്നതോടെ നഷ്ടമാകും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാനങ്ങള്‍ക്ക് കൂടി അധികാരമുള്ള കണ്‍കറന്റ് ലിസ്റ്റില്‍ മാറ്റം വരുന്നത് ഗുണകരമല്ലെന്നും പ്രതിപക്ഷ പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. 2018ല്‍ മോഡി സര്‍ക്കാര്‍ നിയമിച്ച ദേശീയ നിയമ കമ്മിഷന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് ആവശ്യമില്ലെന്ന നിലപാട് സ്വീകരിച്ചതായും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിയമ കമ്മിഷന്‍ ശുപാര്‍ശയില്‍ വിശദമായ ചര്‍ച്ച നടത്താമെന്നും ആവശ്യമായ ഭേദഗതികള്‍ വരുത്താമെന്നും സമിതി ചെയര്‍മാന്‍ സുശീല്‍ മോഡി അംഗങ്ങളെ അറിയിച്ചു.
ഏകീകൃത സിവില്‍ കോഡ് ഭരണഘടനാ അസംബ്ലി വ്യവസ്ഥ ചെയ്ത വിഷയമാണെന്നും നിയമം അനിവാര്യമായും നടപ്പിലാക്കണമെന്നും സമിതിയിലെ ബിജെപി അംഗമായ മഹേഷ് ജത് മലാനി പറഞ്ഞു. ഇതിനിടെ സിവില്‍ കോഡ് നടപ്പിലാക്കുന്ന വിഷയത്തില്‍ നാളിതുവരെ 13 ലക്ഷം അഭിപ്രായങ്ങള്‍ ലഭിച്ചതായി യോഗത്തില്‍ പങ്കെടുത്ത നിയമ കമ്മിഷന്‍ പ്രതിനിധി അറിയിച്ചു. ഈമാസം 13 വരെ പൊതുജനങ്ങള്‍ക്കും ബന്ധപ്പെട്ട കക്ഷികള്‍ക്കും അഭിപ്രായം അറിയിക്കാന്‍ സൗകര്യമുണ്ടെന്നും പ്രതിനിധി പറഞ്ഞു.
English Summary:
Parliamentary Standing Committee begins discussion on UCC
You may also like this video