ബലാത്സംഗക്കേസിൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ മേധാവി ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ അനുവദിച്ചു. 40 ദിവസത്തേക്കാണ് ഗുർമീത് റാം റഹീമിന് പരോൾ അനുവദിച്ചിരിക്കുന്നത്.
നിലവിൽ ഹരിയാനയിലെ റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിലാണ് റഹീം. സിർസയിലെ ആശ്രമത്തിൽ വച്ച് രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. 2017ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇത് 15-ാം തവണയാണ് ഗുര്‍മീതിന് പരോൾ ലഭിക്കുന്നത്. 2025 ഓഗസ്റ്റിൽ 40 ദിവസത്തെ പരോളാണ് ഇയാൾക്ക് അവസാനമായി ലഭിച്ചത്. ശിക്ഷാ കാലയളവിൽ ഇയാൾ ഇതുവരെ 300 ദിവസത്തിലധികം ജയിലിന് പുറത്ത് ചെലവഴിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ്കൾക്ക് തൊട്ടുമുമ്പ് ഗുർമീതിന് പരോൾ ലഭിക്കുന്നത് നേരത്തെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്.
16 വർഷങ്ങൾക്ക് മുൻപ് ഒരു മാധ‍്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുർമീത് പ്രതിയാണ്. ഈ കേസിൽ ഗുർമീതും മറ്റു മൂന്നു പേരും ശിക്ഷിക്കപ്പെട്ടിരുന്നു. പരോൾ കാലയളവിൽ യുപിയിലെ ബാഗ്പത് ആശ്രമത്തിലാണ് സാധാരണയായി ഇയാൾ താമസിക്കാറുള്ളത്. എന്നാൽ ഇത്തവണ സിർസ ആസ്ഥാനത്തേക്ക് മാറാൻ നീക്കമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.
ആൾദൈവം ഗുർമീതിന് വീണ്ടും പരോൾ

