Site iconSite icon Janayugom Online

പാര്‍ട്ട് ‑ടൈം ശാന്തി നിയമനം; തന്ത്ര വിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയെന്ന് ഹൈക്കോടതി

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ പാര്‍ട്ട് ‑ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യതയായി ദേവസ്വം ബോര്‍ഡും ‚കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് മതിയെന്ന് ശരിവെച്ച് ഹൈക്കോടതി .തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം തന്ത്രിമാരുടെ തസ്തികകളിലേക്ക് 2023ൽ അപേക്ഷ ക്ഷണിച്ച് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്ന യോഗ്യത ചോദ്യം ചെയ്ത് അഖില കേരള തന്ത്രി സമാജമാണ് ഹൈക്കോടതിയെ സമീപിച്ചത്.

താന്ത്രിക് വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനുമുള്ള വൈദഗ്ധ്യമോ നിയമപരമായ അധികാരമോ തിരുവിതാംകൂർ ദേവസ്വം ബോർഡിനും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡിനും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഖില കേരള തന്ത്രി സമാജത്തിന്‍റെ ഹർജി. ഇതിലാണ് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെയെ പാർട്ട് ടൈം ശാന്തിമാരായി നിയമിക്കാവൂവെന്ന ഹർജിക്കാരുടെ വാദം കോടതി തള്ളി.

ശാന്തിയായി നിയമിക്കാൻ ഒരു പ്രത്യേക വിഭാഗത്തിൽനിന്നോ പാരമ്പര്യത്തിൽനിന്നോ ഉള്ളവർക്കു മാത്രമാണു യോഗ്യത എന്നത് അനിവാര്യമായ മതപരമായ ആചാരം, അനുഷ്ഠാനം, ആരാധന എന്നിവ പ്രകാരമുള്ള ഉറച്ച ആവശ്യമാണെന്ന് കരുതാനാവില്ലെന്നും ഇക്കാര്യത്തിൽ അതിനുള്ള വസ്തുതാപരവും നിയമപരവുമായ അടിസ്ഥാനമില്ലെന്നും കോടതി വ്യക്തമാക്കി. ആത്മീയ പ്രവർത്തനങ്ങളുമായി ബന്ധമില്ലാത്തവരെ ശാന്തി തസ്തികയ്ക്കു പരിഗണിക്കുന്നത് തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്ന ഹർജിക്കാരുടെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.

പാരമ്പര്യ തന്ത്രിമാരിൽനിന്ന് നേരിട്ട് പൂജ പഠിച്ചവർക്ക് അപേക്ഷിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി, ശാന്തി തസ്തികയിലേക്ക് പരിഗണിക്കാനായി തന്ത്രിമാർ നൽകുന്ന സർട്ടിഫിക്കറ്റിന് മതിയായ വിലകൽപിക്കുന്നില്ല എന്നീ ആക്ഷേപം ഹർജിക്കാർ ഉന്നയിച്ചിരുന്നു. എന്നാൽ ഈ അപാകത ബോർഡ് പിന്നീട് പരിഹരിച്ചിരുന്നുവെന്നും ട്രാവൻകൂർ- കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റിയൂഷൻസ് നിയമപ്രകാരമുള്ള അധികാരമുപയോഗിച്ച് ടിഡിബി കൊണ്ടുവന്ന ചട്ടങ്ങൾ അംഗീകരിച്ചതാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.ചട്ടങ്ങളുടെ കരട് പ്രസിദ്ധീകരിക്കൽ, ഗസറ്റ് വിജ്ഞാപനം തുടങ്ങിയ നിയമക്രമങ്ങൾ എന്നിവ പാലിക്കപ്പെട്ടുണ്ട്.

പാർട്ട് ടൈം ശാന്തി നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽനിന്ന് വിദഗ്ധരുടെ നിർദേശങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നും ബോർഡ് കോടതിയിൽ അറിയിച്ചു.കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് തയ്യാറാക്കിയ പാഠ്യക്രമത്തിൽ വേദ ഗ്രന്ഥങ്ങൾ, ആചാരങ്ങൾ അനുഷ്ഠാനങ്ങൾ, ആരാധന രീതികൾ എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പഠിപ്പിക്കുന്നത് യോഗ്യതയുള്ള പണ്ഡിതരും തന്ത്രിമാരുമാണെന്ന് കോടതി പറഞ്ഞു. ഒന്നു മുതൽ അഞ്ച് വർഷം വരെയുള്ള കോഴ്‌സാണ് പഠിപ്പിക്കുന്നത്. പഠനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവേശനചടങ്ങുമുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽനിന്ന് അന്തിമ തെരഞ്ഞെടുപ്പ് നടത്തുന്നത് കർശനമായ മെറിറ്റിന്റെ അടിസ്ഥാനത്തിലാണ്. ഇതിനുള്ള സിമിതിയിൽ പണ്ഡിതന്മാരും പ്രശസ്തനായ തന്ത്രിയുമുണ്ട്. നിയമനത്തിന് മുൻപായി ഇവരുടെ യോഗ്യതകൾ വീണ്ടും പരിശോധിച്ച് ഉറപ്പിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

Exit mobile version