രാജ്യവും ജനങ്ങളും നേരിടുന്ന വെല്ലുവിളികളെ ചെറുത്തുതോൽപ്പിക്കാനാവശ്യമായ പ്രവർത്തനപദ്ധതിക്കുള്ള നയസമീപനം തീരുമാനിക്കുകയെന്നതാണ് സിപിഐ (എം) പാർടി കോൺഗ്രസിന്റെ മുഖ്യ അജണ്ടയെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. കണ്ണൂര്‍ നായനാര്‍ അക്കാദമിയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സിപിഐ (എം) 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമുഖ വെല്ലുവിളിയാണ് രാജ്യം നേരിടുന്നത്. മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കിനെ ഫാസിസ്റ്റ് സ്വഭാവമുള്ള ഹിന്ദുരാഷ്ട്രമാക്കി മാറ്റുക എന്ന ഏകലക്ഷ്യത്തോടെ ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങളാണ് ഈ സ്ഥിതിക്ക് കാരണം.
ഭരണഘടനാസംവിധാനങ്ങൾക്കെതിരെ ആക്രമണം വർധിച്ചു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്വഭാവം മാറ്റിമറിക്കാൻ ശ്രമിക്കുന്നു. പൗരസ്വാതന്ത്ര്യവും ജനാധിപത്യപരമായ അവകാശങ്ങളും നിഷേധിക്കുന്നു. ദേശീയ ആസ്തികൾ വിറ്റഴിക്കുന്നു. ബിജെപിയെ പരാജയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുകയെന്നതാണ് ഇപ്പോഴത്തെ ഏകലക്ഷ്യം. ഇതിൽ കേന്ദ്രീകരിച്ചാണ് പാർട്ടി കോൺഗ്രസിൽ ചർച്ചകൾ നടക്കുക. കരട് രാഷ്ട്രീയപ്രമേയം രണ്ടുമാസംമുമ്പ് പ്രസിദ്ധീകരിച്ചു. സിപിഐ എം അംഗങ്ങൾമാത്രമല്ല, ഇടതുപക്ഷ അനുഭാവികളിൽ വലിയ വിഭാഗവും ഇതേക്കുറിച്ച് ചർച്ച ചെയ്തു.
മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിർക്കാൻ മതനിരപേക്ഷ സമീപനം വേണം. ഇക്കാര്യത്തിൽ കോൺഗ്രസ് സ്വന്തം നിലപാട് വ്യക്തമാക്കണം. വർഗീയതയുമായി സന്ധിചെയ്യുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം കോൺഗ്രസിൽനിന്ന് ബിജെപിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കും. ചില പ്രാദേശിക പാർട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങൾക്ക് ബദൽ സോഷ്യലിസമാണ്. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്. സമൂഹത്തിൽ അവർ കൊണ്ടുവാരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന് രാജ്യത്ത് ഇടത് പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ ഘട്ടമാണ്. മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തൽ സാധ്യമാകൂ.
സാമ്പത്തികത്തകർച്ച, തൊഴിലില്ലായ്മ, കോവിഡ് എന്നീ പ്രശ്നങ്ങളുടെ നടുവിലും ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപി ജയിച്ചു. ജീവിതപ്രശ്നങ്ങളെക്കാൾ പ്രധാനം ഹിന്ദുത്വ സ്വത്വബോധമാണെന്ന ചിന്ത സൃഷ്ടിച്ചെടുക്കാൻ ബിജെപിയുടെ പ്രചാരണത്തിന് കഴിഞ്ഞു. അപകടകരമായ സ്ഥിതിയാണിത്. ഫാസിസ്റ്റ് പ്രവർത്തനപദ്ധതിയുടെ കൃത്യമായ ഉദാഹരണമാണ് ഈ സ്ഥിതിവിശേഷം. ഇതിഹാസത്തിലെ രാമനും അയോധ്യയും ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ആർഎസ്എസ് പദ്ധതിയുടെ കേന്ദ്രപ്രമേയമായി മാറി. മൂന്നുപതിറ്റാണ്ടുമുമ്പ് ബാബ്റി മസ്ജിദ് തകർക്കുന്നതിലേക്ക് സ്ഥിതിഗതികളെത്തി. ഈ പ്രചാരണം വഴി ബിജെപി ദേശീയരാഷ്ട്രീയത്തിൽ മുഖ്യസ്ഥാനത്തെത്തി. മിത്തും ചരിത്രവും തമ്മിലും മതചിന്തയും തത്വചിന്തയും തമ്മിലുമുള്ള വേർതിരിവ് ബോധപൂർവം ഇല്ലാതാക്കി. ‘ഹിന്ദുത്വ’യ്ക്ക് ഹിന്ദുമതവിശ്വാസവുമായി കാര്യമായ ബന്ധമൊന്നുമില്ല. രാഷ്ട്രീയപദ്ധതി എന്നനിലയിലാണ് താൻ ‘ഹിന്ദുത്വ’ എന്ന പദപ്രയോഗം മുന്നോട്ടുവയ്ക്കുന്നതെന്ന് വി ഡി സവർക്കർതന്നെ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയ അജണ്ട മുൻനിർത്തി ജനങ്ങളുടെ മതവികാരത്തെ ദുരുപയോഗിക്കുകയാണ് ബിജെപി.
മതനിരപേക്ഷ–ജനാധിപത്യ വാദികളായ എല്ലാ ദേശാഭിമാനികളും റിപ്പബ്ലിക്കിന്റെ മതനിരപേക്ഷ–ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള പോരാട്ടത്തിൽ അണിനിരക്കണം.
ഫെഡറൽ അവകാശങ്ങളടക്കം ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളേയും കേന്ദ്രം അട്ടിമറിക്കുകയാണ്. മൗലിക അവകാശങ്ങളിലേക്കുപോലും കടന്നുകയറുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലും സ്വതന്ത്ര്യമായ പ്രവർത്തനം തടസ്സപ്പെടുകയാണ്. മോഡിയുടെ ഏകാധിപത്യത്തിൽ വർഗീയ കോർപ്പറേറ്റ് സഹകരണമാണ് രാജ്യത്ത് നടക്കുന്നത്. കോവിഡ് മഹാമാരിയെ കേന്ദ്രം നേരിട്ടത് നാം കണ്ടു. ഗംഗയിൽ ശവങ്ങൾ ഒഴുകി. തീവ്ര വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സർക്കാർ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരല്ല. മഹാമാരിക്ക് മുമ്പുതന്നെ, ആഗോള സമ്പദ്‌വ്യവസ്ഥയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയും മാന്ദ്യാവസ്ഥയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടായിരുന്നു. പകർച്ചവ്യാധി സ്ഥിതിഗതികൾ വഷളാക്കി. ലാഭം വർധിപ്പിക്കാനുള്ള മുതലാളിത്തത്തിന്റെ മോഹം, അതിന്റെ ഏക ആശങ്ക ജനങ്ങൾക്ക് സാർവത്രിക ആരോഗ്യ സംരക്ഷണം നൽകുന്നതിൽ അതിന്റെ മൊത്തത്തിലുള്ള അപര്യാപ്തത തുറന്നുകാട്ടി. ഇതിനു വിപരീതമായി, സോഷ്യലിസ്റ്റ് രാജ്യങ്ങൾക്ക് പകർച്ചവ്യാധിയെ ചെറുക്കാനും അവരുടെ സമ്പദ്‌വ്യവസ്ഥയെ വളർച്ചാ പാതയിൽ എത്തിക്കാനും കഴിഞ്ഞു. ഇന്ത്യയിൽ, കേരളത്തിലെ എൽഡിഎഫ് സർക്കാർ ഈ സാഹചര്യത്തെ നേരിട്ട രീതി ആഭ്യന്തരവും അന്തർദേശീയവുമായ പ്രശംസ നേടിയിട്ടുണ്ട്.
ഹിന്ദുത്വ വർഗീയതയ്ക്കെതിരെ മതേതര ശക്തികളുടെ വിശാലമുന്നണി രൂപപ്പെടുത്തി രണഘടനാ റിപ്പബ്ലിക്കിനെ സംരക്ഷിക്കാനും ബദൽ ജനപക്ഷ നയങ്ങൾക്കായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടുത്താനും സംയുക്തമായി തീരുമാനിക്കാൻ എല്ലാ ദേശസ്നേഹികളോടും അഭ്യർത്ഥിക്കുകയാണെന്നും യച്ചൂരി കൂട്ടിച്ചേര്‍ത്തു.
സിപിഐ (എം) പിബി അംഗം മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പാര്‍ട്ടികോണ്‍ഗ്രസ്സിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
English Summary: Party Congress will formulate policies to tackle the challenges facing the country: Sitaram Yachury
You may like this video also