പരിശീലിപ്പിക്കപ്പെട്ട സന്നദ്ധഭടന്മാരുടെ സേനയാവാൻ കോൺഗ്രസ്.പാർട്ടിയുടെ പരിശീലനപരിപാടികളിൽ പങ്കെടുക്കാത്തവർക്ക് പ്രധാന സംഘടനാച്ചുമതല നൽകേണ്ടെന്ന രാഹുൽ ഗാന്ധിയുടെ നിർദേശം പാർട്ടി കർശനമായി നടപ്പാക്കും. ആശയ അടിത്തറയുള്ള പ്രവർത്തകരെ വളർത്തിയെടുക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം.
ഡിസംബർ മുതൽ പി.സി.സി. തലത്തിലും ജനുവരിയിൽ ജില്ലാ കമ്മിറ്റി തലത്തിലും ഫെബ്രുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾക്കും തുടർന്ന് താഴെത്തട്ടിലും നിർബന്ധിത പരിശീലനം നൽകും. ഇതിനായുള്ള പരിശീലകരെ തിരഞ്ഞെടുക്കാൻ മഹാത്മാഗാന്ധിയുടെ ആശ്രമമായ വാർധ സേവാഗ്രാമിൽനടന്ന നാലുദിവസത്തെ പരിശീലനം സമാപിച്ചു. 31 സംസ്ഥാന‑കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കുള്ള പരിശീലനത്തിന്റെ സമാപനസമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
പരിശീലിപ്പിക്കപ്പെട്ട സന്നദ്ധഭടന്മാരുടെ സേനയായി ഇന്ത്യയിലെ കോൺഗ്രസ് മാറുമെന്നും പരിശീലനം നിർബന്ധിതമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങൾമുതൽ ബൂത്ത് പ്രസിഡന്റ്‌വരെയുള്ള മുഴുവൻ ആളുകളും നിർബന്ധിതമായ വാർഷികപരിശീലനത്തിലൂടെ കടന്നുപോകുന്നതരത്തിൽ കോൺഗ്രസ് പ്ലീനറി സെഷനിൽ മാറ്റം കൊണ്ടുവരും. കോൺഗ്രസിന്റെ ചരിത്രവും രാഷ്ട്രീയപ്രാധാന്യവും ഇന്നുകാണുന്ന ഇന്ത്യ ഇത്തരത്തിൽ രൂപപ്പെട്ടതിൽ പാർട്ടിക്കുള്ള പങ്കും അംഗങ്ങളും പ്രവർത്തകരും പുതുതായെത്തുന്നവരും നിർബന്ധമായി പഠിച്ചിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
English Summary : party positions and training classes in congress
You may also like this video :