Site iconSite icon Janayugom Online

പരുമല പള്ളി പെരുന്നാൾ; കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

പരുമല പള്ളി പെരുന്നാൾ ഇന്ന് ആരംഭിക്കും. കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പള്ളിയുടെ വടക്ക് — കിഴക്ക് ഭാഗത്ത് പഴയ കുരിശടിയോട് ചേര്‍ന്നുള്ള ഒന്നും രണ്ടും നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമേ പ്രവേശനമുള്ളുവെന്ന് മാനേജർ അറിയിച്ചു.

പള്ളിയുടെ വടക്ക് പടിഞ്ഞാറായി സ്‌കൂളിനു സമീപമുള്ള നാലാം നമ്പര്‍ ഗേറ്റുകളിലൂടെ മാത്രമാകും പുറത്തേക്ക് പോകാന്‍ സാധിക്കുക. ഈ ഭാഗത്തുകൂടി അകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. പള്ളി കോമ്പൗണ്ടില്‍ വാഹനങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. കബറിടത്തിലേക്ക് ബാഗുകള്‍, ലോഹനിര്‍മ്മിത ബോക്സുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, മൊബൈല്‍ ചാര്‍ജറുകള്‍ തുടങ്ങിയവ പ്രവേശിപ്പിക്കില്ല. 

തീര്‍ത്ഥാടകര്‍ ഇവ വാഹനങ്ങളില്‍ തന്നെ സൂക്ഷിക്കണം. സംഘങ്ങളായി എത്തുന്നവർക്ക് സംഘാടകര്‍ ഫോണ്‍ നമ്പറും ഫോട്ടോയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് നൽകണം. പൊലീസിന്റെയും അംഗീകൃത വോളന്റിയര്‍മാരുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: Paru­mala Church Fes­ti­val; Heavy secu­ri­ty has been established
You may also like this video

Exit mobile version