യാത്ര ബോട്ടുകൾ തകരാറിലായതോടെ ആലപ്പുഴയിൽ നിന്നുള്ള സർവീസ് പ്രതിസന്ധിയിൽ. ഇതോടെ കുട്ടനാട്, കോട്ടയം, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ്. ബോട്ടുകളുടെ തകരാറാണ് സർവീസിന് തടസമായി വരുന്നത്. നിലവിൽ 17 യാത്രാ ബോട്ടുകളാണ് കേടുപാടുകൾ പരിഹരിക്കാൻ ഡോക്കിൽ കയറ്റിയിട്ടുള്ളത്.
ഇതുവരെയും തകരാർ പരിഹരിച്ച് സർവീസ് തുടരാൻ കഴിയാത്ത സ്ഥിതിയാണ്. ഡോക്കിൽ ഇപ്പോഴുള്ള സൗകര്യങ്ങൾ വച്ച് രണ്ട് വർഷം കഴിഞ്ഞാലും ബോട്ടുകൾ പണിതിറക്കാൻ കഴിയാത്ത അവസ്ഥയാണ്. തകരാർ പരിഹരിക്കാനുള്ള ബോട്ടുകളിൽ 10 എണ്ണം ഉപയോഗ ശുന്യമായി കഴിഞ്ഞു. ഇത് കണ്ടം ചെയ്യേണ്ടതാണെന്ന് അധികൃതർ പറയുന്നത്. നാല് ബോട്ടുകൾ മാത്രമേ കേടുപാട് പരിഹരിച്ച് സർവീസിന് ഇറക്കാൻ കഴിയൂ.
അകവും പുറവും ഉള്ള ബുഷ് തേഞ്ഞുതീരുന്നത് മാറ്റുന്നതിനാണ് മൂന്ന് ബോട്ടുകൾ കയറ്റിയത്. ഓരോ ആറു മാസം കൂടുമ്പോഴും ബുഷ് മാറ്റിയിടാൻ ബോട്ടുകൾ ഡോക്കിൽ പ്രവേശിപ്പിക്കണം. എന്നാൽ ബോട്ടുകൾ കയറ്റി ഇടാനുള്ള സ്ലിപ് വേ തകർന്നതിനാൽ ഈ ജോലിയും മുടങ്ങുന്നു. പ്രധാനപ്പെട്ട പല റൂട്ടുകളിലും സർവീസ് നടത്താൻ ബോട്ടുകൾ ഇല്ല. ബോട്ടുകളുടെ യന്ത്രത്തകരാർ പരിഹരിക്കാത്തതും പുതിയ ബോട്ടുകൾ ഇറക്കാത്തതും സ്ഥിതി ഗുരുതരമാക്കിയെന്നു യാത്രക്കാർ പറയുന്നു. ചങ്ങനാശേരിയിൽ നിന്നു തുടങ്ങി കുട്ടനാട്ടിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളിലൂടെ നടത്തിയിരുന്ന ബോട്ട് സർവീസ് താൽക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. കൂടാതെ പുളിങ്കുന്ന്, കാവാലം ബോട്ടുകളും മുടങ്ങി. ദിവസവും വൈകിട്ട് 4ന് കുപ്പപ്പുറം ഗവൺമെന്റ് ഹൈസ്കൂൾ ജെട്ടിയിൽ എത്തിയിരുന്ന ബോട്ട് മുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞു. യാത്രക്കാരുടെ പ്രതിഷേധം കനക്കുമ്പോൾ മറ്റ് റൂട്ടുകളിൽ നിന്നു സർവീസുകൾ പിൻവലിച്ച് താൽക്കാലിക സംവിധാനം ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ എത്രനാൾ മുന്നോട്ട് പോകാൻ കഴിയുമെന്ന് അറിയാതെ അധികൃതരും ആശങ്കയിലാണ്.
english summary; Passenger boats break down in Alappuzha
you may also like this video;