Site icon Janayugom Online

പാസഞ്ചർ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നില്ല; യാത്രക്കാരുടെ പോക്കറ്റടിച്ച് റെയില്‍വെ

train 1

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കാത്തത് യാത്രക്കാരെ വലയ്ക്കുന്നു. ജനജീവിതം പതുക്കെ സാധാരണനിലയിലേക്ക് കടന്നിട്ടും പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാത്തതും സ്റ്റോപ്പുകൾ റദ്ദാക്കിയതും സർവീസ് സമയമാറ്റവുമാണ് ട്രെയിൻ യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കുന്നത് . മലബാറിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. മലബാർ മേഖലയിലൂടെ സർവിസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പൂർണമായും സർവിസ് നിർത്തലാക്കിയിരുന്നു.
കേരളത്തിൽ കോവിഡിനു മുമ്പുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസുകളായി പുനഃസ്ഥാപിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളായി പുനഃസ്ഥാപിച്ചപ്പോള്‍ മിനിമം നിരക്ക് 30 രൂപയാക്കി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തിനും 30 രൂപ നിരക്കില്‍ യാത്രചെയ്യാന്‍ യാത്രക്കാര്‍ കുറയുകയും ചെയ്തു.
പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആയപ്പോൾ ട്രെയിനിൽ ഹ്രസ്വദൂര‑സാധാരണ ടിക്കറ്റിൽ യാത്രചെയ്യുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. റെയിൽവേക്ക് വൻ വരുമാന നഷ്ടവും. സാധാരണ ട്രെയിൻ യാത്രികരിൽ അധികവും 50 മുതൽ 150 വരെ കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നവരാണ്. അവരുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നത്. അവരിൽനിന്നുള്ള വരുമാനം കോവിഡിന് മുമ്പുള്ളതിന്റെ ഏതാണ്ട് 43 ശതമാനമാണ്. രാവിലെ ആറിനും രാത്രി ഒമ്പതിനും ഇടക്കുള്ള യാത്രക്ക്, ഉപാധികളില്ലാതെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലസ് ടിക്കറ്റുകൾ ഇപ്പോൾ നൽകാത്തത് സാധാരണ യാത്രികരെ ബാധിച്ചിട്ടുണ്ട്. റെയിൽവേയുടെ സ്ഥിര നിക്ഷേപമായി കണക്കാക്കുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ എണ്ണവും അവരിൽനിന്നുള്ള വരുമാനവും പകുതിയിൽ താഴെയായി.
ഇതിനിടെയാണ് ഒരു ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ 16,000 ല്‍ അധികം രൂപ ചെലവാകുന്നുവെന്ന തരത്തില്‍ റയില്‍വെ കണക്ക് വെളിപ്പെടുത്തിയത്. എന്നാല്‍ ഈ കണക്ക് വ്യാജമാണെന്നും റെയില്‍വെ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാനുള്ള തന്ത്രമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഒരു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്തി യാത്രതുടരുന്നതിന് ഏറ്റവും കൂടിയത് 30 യൂണിറ്റോളം വൈദ്യുതിയാണ് ആവശ്യമായി വരികയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കോവിഡിന് ശേഷം യാത്രികരുടെ എണ്ണത്തിൽ 20 ശതമാനത്തിലധികം കുറവുണ്ടായപ്പോൾ മൊത്തം വരുമാനത്തിൽ നേരിയ കുറവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. മുതിർന്ന പൗരന്മാർക്കടക്കമുള്ള വിവിധ സൗജന്യങ്ങൾ ഒഴിവാക്കിയിട്ടുമുണ്ട്.
.ഇതിനിടെ സംസ്ഥാനത്ത് ലോക്കോപൈലറ്റുമാരുടെ കുറവാണ് തീവണ്ടി ഗതാഗതത്തെ പ്രതിസന്ധിയിലാക്കുന്നതെന്നും കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ വണ്ടികള്‍ പുനസ്ഥാപിക്കാന്‍ കഴിയാത്തത് ഇക്കാരണത്താലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക്കോപൈലറ്റുമാരുടെ കുറവ് ദീർഘ ദൂര വണ്ടികളെ വരെ ബാധിച്ചിട്ടുണ്ട്. 

Eng­lish Sum­ma­ry: Pas­sen­ger trains are not restored; Rail­ways in the pock­et of passengers

You may like this video also

Exit mobile version