Site icon Janayugom Online

പാസഞ്ചർ ട്രെയിനുകള്‍ പുനഃസ്ഥാപിക്കുന്നില്ല; യാത്രക്കാരെ ദുരിതത്തിലാഴ്ത്തി റെയില്‍വേ

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് നിര്‍ത്തലാക്കിയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കാതെ റെയില്‍വേ യാത്രക്കാരെ വലയ്ക്കുന്നു. ജനജീവിതം സാധാരണനിലയിലായിട്ടും പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കാന്‍ റെയില്‍വേ നടപടികള്‍ സ്വീകരിച്ചിട്ടില്ല. കോവിഡ് കാലത്ത് സ്റ്റോപ്പുകൾ റദ്ദാക്കിയതും സർവീസ് സമയത്തില്‍ വരുത്തിയ മാറ്രങ്ഹളുമെല്ലാം ഇപ്പോഴും അതേപടി തുടരുകയാണ്. മലബാറിലെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. മലബാർ മേഖലയിലൂടെ സർവിസ് നടത്തിയിരുന്ന പാസഞ്ചർ ട്രെയിനുകൾ പൂർണമായും സർവിസ് നിർത്തലാക്കുകയായിരുന്നു.

കേരളത്തിൽ കോവിഡിനു മുമ്പുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസുകളായി പുനഃസ്ഥാപിക്കുകയായിരുന്നു. പാസഞ്ചർ ട്രെയിനുകൾ അൺറിസർവ്ഡ് എക്സ്പ്രസ് ട്രെയിനുകളായി പുനഃസ്ഥാപിച്ചപ്പോള്‍ മിനിമം നിരക്ക് 30 രൂപയാക്കി ഉയര്‍ത്തി. കുറഞ്ഞ ദൂരത്തിനും 30 രൂപ നിരക്കില്‍ യാത്രചെയ്യാന്‍ യാത്രക്കാര്‍ കുറയുകയും ചെയ്തു. പാസഞ്ചർ ട്രെയിനുകൾ എക്സ്പ്രസ് ആയപ്പോൾ ട്രെയിനിൽ ഹ്രസ്വദൂര‑സാധാരണ ടിക്കറ്റിൽ യാത്രചെയ്യുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചുരുങ്ങി. റെയിൽവേക്ക് വൻ വരുമാന നഷ്ടവും. സാധാരണ ട്രെയിൻ യാത്രികരിൽ അധികവും 50 മുതൽ 150 വരെ കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നവരാണ്. അവരുടെ എണ്ണത്തിലാണ് വലിയ കുറവ് വന്നത്. രാവിലെ ആറിനും രാത്രി ഒമ്പതിനും ഇടക്കുള്ള യാത്രക്ക്, ഉപാധികളില്ലാതെ റിസർവേഷൻ ഇല്ലാത്ത സ്ലീപ്പർ ക്ലസ് ടിക്കറ്റുകൾ ഇപ്പോൾ നൽകാത്തത് സാധാരണ യാത്രികരെ ബാധിച്ചിട്ടുണ്ട്. റെയിൽവേയുടെ സ്ഥിര നിക്ഷേപമായി കണക്കാക്കുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ എണ്ണവും അവരിൽനിന്നുള്ള വരുമാനവും പകുതിയിൽ താഴെയായി.

ഇതിനിടെയാണ് ഒരു ട്രെയിന്‍ ഒരു സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ 16,000 ല്‍ അധികം രൂപ ചെലവാകുന്നുവെന്ന തരത്തില്‍ റയില്‍വവേ കണക്ക് പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ കണക്ക് വ്യാജമാണെന്നും റെയില്‍വേ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടാനുള്ള തന്ത്രമാണെന്നുമാണ് വിലയിരുത്തപ്പെടുന്നത്. ഒരു ട്രെയിന്‍ സ്റ്റോപ്പില്‍ നിര്‍ത്തി യാത്രതുടരുന്നതിന് ഏറ്റവും കൂടിയത് 30 യൂണിറ്റോളം വൈദ്യുതിയാണ് ആവശ്യമായി വരികയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കണ്ണൂര്‍ — കോഴിക്കോട് റൂട്ടിലേതുപോലെ ഷൊർണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കും തിരിച്ചും ജോലിസമയത്തിനനുസരിച്ച് ട്രെയിന്‍ ഇല്ലാത്തതും പുതിയ ട്രെയിനുകൾ അനുവദിക്കാത്തതും നിത്യ യാത്രക്കാരെ വലയ്ക്കുന്നു. രാവിലെയും വൈകുന്നേരവും സ്ഥിരം യാത്രക്കാരായ ജോലിക്കാർ അടക്കമുള്ളവരാണ് ഇതു കാരണം ബുദ്ധിമുട്ടിലായിരിക്കുന്നത്. തൃശ്ശൂരിൽ നിന്ന് രാവിലെ മലബാർ മേഖലയിലേക്ക് മൂന്ന് ട്രെയിനുകളാണ് ഓടുന്നത്. ഷൊർണൂരിൽ നിന്നുള്ള മെമുവും ചെന്നൈ മംഗലാപുരം എക്സ്പ്രസുമാണ് യാത്രക്കാർ ആശ്രയിക്കുന്നത്.

എന്നാൽ ഷോർണൂരിൽ നിന്ന് പുലർച്ചെ 4.30ന് പുറപ്പെടുന്നതുകൊണ്ടുതന്നെ മെമുവിനെ വനിതാ യാത്രക്കാർ ഉൾപ്പെടെയുള്ളവർക്ക് ഉപയോഗപ്പെടുത്താൻ കഴിയാറില്ല. തൊട്ടു പിന്നാലെ എത്തുന്ന മംഗലാപുരം മെയിലിൽ ജനറൽ കമ്പാർട്ട്മെന്റുകൾ വളരെ കുറവാണ്. ഫലത്തില്‍ ഇതും യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്നില്ല. തൃശ്ശൂരിൽ നിന്നും 6.30ന് പുറപ്പെട്ടു കോഴിക്കോട് 9.45 എത്തിച്ചേരുന്ന പാസഞ്ചറിനു പകരമായുള്ള എക്സ്പ്രസ് മാത്രമാണ് പിന്നെയുള്ള ആശ്രയം. കണ്ണൂരിൽ നിന്ന് രാവിലെ 6.20 ന് പുറപ്പെടുന്ന കോയമ്പത്തൂര്‍ എക്സ്പ്രസിന് സ്റ്റോപ്പുകള്‍ വെട്ടിക്കുറയ്ക്കുകയായിരുന്നു. നേരത്തെ പാസഞ്ചര്‍ ട്രെയിനായി സര്‍വ്വീസ് നടത്തിയിരുന്ന ഈ തീവണ്ടി എക്സ്പ്രസ്സാക്കി മാറ്റിയതോടെ ടിക്കറ്റ് നിരക്കിലും വലിയ വര്‍ധനവുണ്ടായി.

കോഴിക്കോട് ഭാഗത്തേക്കുള്ള നിത്യയാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെട്ടിരുന്ന ഈ ട്രെയിനും ഇപ്പോള്‍ ഉപകാരപ്പെടാത്ത അവസ്ഥയാണ്. ഹാള്‍ട്ടിങ് സ്റ്റേഷനുകളിലൊന്നും ഈ വണ്ടിക്ക് നിലവില്‍ സ്റ്റോപ്പില്ല. രാവിലെ 8.05 ന് കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന കോഴിക്കോട് പാസഞ്ചറും ഇപ്പോള്‍ എക്സ്പ്രസ്സായാണ് ഓടുന്നത്. ഇതിനും ഹാള്‍ട്ടിങ് സ്റ്റേഷനുകളിലൊന്നും സ്റ്റോപ്പില്ല. ടിക്കറ്റ് നിരക്കും കൂടുതലാണ്. രാവിലെ 11.55 ന് പുറപ്പെടുന്ന കോയമ്പത്തൂര്‍ എക്സ്പ്രസ്സിനും സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ മുഖേന റെയില്‍വെ അധികൃതര്‍ക്ക് നിരവധി തവണ നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പാസഞ്ചര്‍ സര്‍വ്വീസുകള്‍ പഴയപടി പുനഃസ്ഥാപിച്ചാല്‍ ടിക്കറ്റ് നിരക്കിലും കുറവ് വരുത്തേണ്ടി വരും. അതാണ് റെയില്‍വേ അധികൃതരുടെ അനങ്ങാപ്പാറ നയത്തിന് കാരണമെന്നാണ് റെയിവേ പാസഞ്ചേഴ്സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടുന്നത്.

Eng­lish Sum­ma­ry: pas­sen­ger trains are not restored railways
You may also like this video

Exit mobile version