Site icon Janayugom Online

ആകാശചുഴിയില്‍പ്പെട്ട് വിമാനം; തലയില്‍ ബാഗുകള്‍ വീണു, നിലവിളിച്ച് യാത്രക്കാര്‍: വീഡിയോ

മുംബൈയില്‍ നിന്ന് ദുര്‍ഗാപൂരിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം ആകാശചുഴിയില്‍പ്പെടുമ്പോള്‍ വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പരിഭ്രാന്തരായ ആളുകള്‍ സഹായത്തിനായി നിലവിളിക്കുകയും വിമാനത്തിനുള്ളില്‍ നിരവധി സാധനങ്ങള്‍ ചിതറിക്കിടക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഓക്സിജന്‍ മാസ്കുകളും അവയില്‍ ഉണ്ട്.

നിരവധിയാളുകള്‍ക്ക് ബാഗുകള്‍ തലയില്‍ വീണ് പരിക്കേറ്റിട്ടുണ്ട്. മിക്കവരുടെയും തലയില്‍ തുന്നലുണ്ട്. യാത്രക്കാരില്‍ ഒരാള്‍ക്ക് നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ഞായറാഴ്ച വൈകുന്നേരം ലാൻഡിങ്ങിനിടെ ആടിയുലഞ്ഞത്.

മോശം കാലാവസ്ഥയാണ് വിമാനം ആടിയുലയാന്‍ കാരണം. മൂന്ന് ജീവനക്കാർ ഉൾപ്പെടെ 17 പേർക്ക് പരുക്കേറ്റുവെന്നും അധികൃതർ അറിയിച്ചു. ഇതിൽ പത്തുപേരുടെ പരുക്ക് സാരമുള്ളതാണെന്നാണ് റിപ്പോർട്ട്. വിമാനം ലാന്‍ഡ് ചെയ്ത ഉടനെ തന്നെ യാത്രക്കാർക്ക് വൈദ്യസഹായം നൽകിയതായി സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. സംഭവത്തിൽ സ്പൈസ് ജെറ്റ് ഖേദം പ്രകടിപ്പിച്ചു. അതേസമയം സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.

Eng­lish Summary:passengers scream in spice­jet air­craft Video
You may also like this video

Exit mobile version