ഹിന്ദു-മുസ്‌ലിം വര്‍ഗീയ സംഘടനകള്‍ രാജ്യത്തിന്റെ മതനിരപേക്ഷതക്കെതിരായി ശക്തമായ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് അവര്‍ നിരന്തരമായ ശ്രമം നടത്തുന്നത്. 1925ല്‍ ആര്‍എസ്എസ് രൂപീകൃതമായതു മുതല്‍ ദേശീയ പ്രസ്ഥാനം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുവാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ബ്രിട്ടീഷുകാരുടെ ഉപദേശം സ്വീകരിച്ചാണ് ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ നിന്നും വിട്ടുനിന്നത്. സ്വാതന്ത്ര്യ പ്രസ്ഥാനത്തിനെതിരായും അവര്‍ പ്രവര്‍ത്തിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നിസഹകരണ പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി സമരത്തില്‍ പങ്കാളികളായി. ആ സന്ദര്‍ഭത്തില്‍ ഒരു സംഘം യുവാക്കള്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറെ സന്ദര്‍ശിച്ച് നിസഹകരണ സമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകാനുള്ള തങ്ങളുടെ ആഗ്രഹം അറിയിച്ചു. ഹെഡ്ഗേവാര്‍ യുവാക്കളോട് ചോദിച്ചത് “നിസഹകരണ സമരത്തില്‍ ജയിലില്‍ പോയാല്‍ നിങ്ങളുടെ കുടുംബത്തെ ആരാണ് സംരക്ഷിക്കുക” എന്നാണ്. സ്വാതന്ത്ര്യ സമരത്തോട് ആര്‍എസ്എസ് സ്വീകരിച്ചിരുന്ന സമീപനം വ്യക്തമാക്കുന്നതായിരുന്നു ഹെഡ്ഗേവാറുടെ ഉപദേശം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാതെ മാറി നിന്ന്, സ്വാതന്ത്ര്യ പ്രസ്ഥാനത്തെ എതിര്‍ക്കുകയും ബ്രിട്ടീഷുകാരുടെ സഹായികളായി പ്രവര്‍ത്തിക്കുകയുമായിരുന്നു ആര്‍എസ്എസ്. ഹിന്ദുത്വ സൈദ്ധാന്തികനായി വിശേഷിപ്പിക്കുന്ന സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്ക് മാപ്പ് എഴുതി നല്‍കിയാണ് ജയിലില്‍ നിന്നും പുറത്തേക്ക് വന്നത്. ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കുവാന്‍ ആര്‍എസ്എസ് തയ്യാറായിരുന്നില്ല. ഹിന്ദുത്വത്തിന്റെ പ്രതീകമായി അവര്‍ വിശേഷിപ്പിച്ചത് കാവിവര്‍ണമായിരുന്നു. ദേശീയപതാക കാവിയായിരിക്കണംഎന്നവര്‍ ആവശ്യപ്പെട്ടു.
ഹിന്ദുത്വത്തിന്റെ പ്രതീകമായി ആര്‍എസ്എസ് ഉയര്‍ത്തിപ്പിടിക്കുന്ന ശ്രീരാമന്‍ കാവി ആയിരുന്നില്ല തന്റെ രഥത്തില്‍ ഉപയോഗിച്ചത്. ശ്രീരാമന്‍ രഥത്തില്‍ ചെങ്കൊടി പറത്തിയിരുന്നതിനെക്കുറിച്ച് രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ട്. സീതാസ്വയംവരം കഴിഞ്ഞ് അയോധ്യയിലേക്ക് ശ്രീരാമന്‍ പുറപ്പെട്ടതിനെക്കുറിച്ച് രാമായണത്തില്‍ രേഖപ്പെടുത്തിയത് “ചെങ്കൊടിക്കൂറകള്‍ കൊണ്ടങ്കിതധ്വജങ്ങളും എന്നാണ്.” കാവിനിറത്തിന് ശ്രീരാമന്‍ പ്രാധാന്യം നല്‍കിയിരുന്നില്ല എന്ന് വ്യക്തമാണ്. സംഘ്പരിവാര്‍ സംഘടനകള്‍ കാവി ഹിന്ദുത്വത്തിന്റെ പ്രതീകമായി പ്രചരിപ്പിക്കുന്നു. ദേശീയപതാക കാവി ആക്കണമെന്ന് ആര്‍എസ്എസ് ശഠിച്ചത് ദേശീയ പ്രസ്ഥാനം തള്ളിക്കളയുകയാണ് ചെയ്തത്. സമീപകാലത്തു മാത്രമാണ് തങ്ങളുടെ നിലപാട് മാറ്റി ദേശീയപതാക ആര്‍എസ്എസ് ഉയര്‍ത്താന്‍ തുടങ്ങിയത്. കാവി, ഹിന്ദുത്വത്തിന്റെ പ്രതീകമായി പ്രചരിപ്പിച്ച് ഹിന്ദുവിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് സങ്കുചിത ഹിന്ദുവംശീയതകളുടെ വക്താക്കളായ സംഘ്പരിവാര്‍ സംഘടനകള്‍, ആര്‍എസ്എസിന്റെ തീരുമാനം അനുസരിച്ച് രാജ്യത്ത് നടത്തുന്നത്. ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഭരണകൂടം അവരുടെ പ്രചരണത്തിന് എല്ലാ സഹായങ്ങളും നല്‍കിവരുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുകോണും അഭിനയിക്കുന്ന പത്താന്‍ സിനിമയ്ക്കെതിരെ അഴിച്ചുവിട്ട പ്രതിഷേധങ്ങളും സങ്കുചിത ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ലോകപ്രശസ്ത നടിയായ ദീപിക പദുകോണ്‍, പത്താന്‍ സിനിമയിലെ നൃത്തരംഗത്ത് കാവിനിറത്തിലുള്ള ബിക്കിനി അണിഞ്ഞതാണ് സംഘ്പരിവാര്‍ സംഘടനകളെ പ്രകോപിപ്പിച്ചത്. കാവിബിക്കിനി അണിഞ്ഞ് നൃത്തം ചെയ്തത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ഹിന്ദുത്വ വര്‍ഗീയവാദികളുടെ സംഘടനകളായ വിശ്വഹിന്ദുപരിഷത്തും അനുബന്ധ സംഘടനകളും ആരോപിച്ചിട്ടുള്ളത്. മധ്യപ്രദേശിലെ ഉലമാ ബോര്‍ഡ് ഉള്‍പ്പെടെയുള്ള ചില മുസ്‌ലിം സംഘടനകള്‍ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നു പറഞ്ഞും സിനിമയെ എതിര്‍ക്കുന്നുണ്ട്. രാജ്യത്ത് ഒരിടത്തും പത്താന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ഭീഷണി ഇതിനകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതുകൂടി വായിക്കൂ: അടിവസ്ത്രത്തില്‍ വര്‍ഗീയത തിരയുന്ന മാനസിക ജീര്‍ണത
മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, യുപി തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് സങ്കുചിതമായ ഹിന്ദുത്വവികാരം ഉയര്‍ത്തിവിടാനുള്ള ലക്ഷ്യത്തോടെയാണ് ഈ നീക്കങ്ങള്‍. 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് ഈ നീക്കമെന്ന് വ്യക്തമാണ്. മഹാഭൂരിപക്ഷം ജനങ്ങളും ജീവിതദുരിതത്തില്‍പ്പെട്ട് നരകയാതന അനുഭവിക്കുന്ന രാജ്യത്താണ് അവരുടെ പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ തങ്ങളുടെ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കാവിക്ക് നല്കുന്ന ഹിന്ദുത്വ പരിവേഷം വര്‍ഗീയവിഷം കുത്തിവയ്ക്കാനുള്ളതാണ്. 1998ലെ മിസ് ഇന്ത്യ മത്സരത്തില്‍ ഇന്നത്തെ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി കാവിവസ്ത്രമണിഞ്ഞ് മത്സരത്തില്‍ പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്മൃതി ഇറാനിയെ കേന്ദ്രമന്ത്രി സ്ഥാനത്തു നിന്നും ബിജെപി നേതൃത്വത്തില്‍ നിന്നും പുറത്താക്കുവാന്‍ വിശ്വഹിന്ദു പരിഷത്തും ഹിന്ദുത്വ സംഘടനകളും ആവശ്യപ്പെടുമോ? നടി ദീപിക പദുകോണിനും സിനിമയുടെ നിര്‍മ്മാതാവ്, സംവിധായകന്‍, നായകന്‍ തുടങ്ങിയവര്‍ക്കുമെതിരായി കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് ഇതിനകം തന്നെ ബോംബെ സിറ്റിപൊലീസില്‍ പരാതി നല്കിയിട്ടുണ്ട്. ജനുവരി അവസാനത്തില്‍ റിലീസ് ചെയ്യുവാന്‍ ഉദ്ദേശിച്ച സിനിമയാണ് പത്താന്‍. സിനിമയില്‍ ദീപിക പദുകോണിനെ കൂടാതെ ഡിംപിള്‍ കപാഡിയ, ജോണ്‍ അബ്രഹാം തുടങ്ങിയ പ്രശസ്തരും അഭിനയിക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തന്‍ സിദ്ധാര്‍ത്ഥ് ആനന്ദാണ് സിനിമ സംവിധാനം ചെയ്യുന്നത്. സംഘ്പരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടാണ് ദീപിക പദുകോണും നടന്‍ ഷാരൂഖ്ഖാനും. ദീപിക പദുകോണ്‍, ബിജെപി ഗവണ്മെന്റിന്റെ നയങ്ങള്‍ക്കെതിരായി ചില സന്ദര്‍ഭങ്ങളില്‍ രംഗത്തുവന്നിരുന്നു. പൗരത്വസമരം ശക്തിപ്പെട്ടപ്പോള്‍ അതിനു പിന്തുണയുമായി ദീപിക രംഗത്തുവന്നു.
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയിലും ഡല്‍ഹി ജാമിയമിലിയ സര്‍വകലാശാലയിലും കേന്ദ്ര ഗവണ്മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും അധ്യാപകരും നടത്തിയ സമരം ലോകശ്രദ്ധ പിടിച്ചുപറ്റിയതാണ്. ആ സമരസ്ഥലങ്ങളില്‍ പങ്കെടുത്ത് അഭിവാദ്യം ചെയ്യാന്‍ ദീപിക പദുകോണ്‍ എത്തിയത് സംഘ്പരിവാര്‍ സംഘടനകളെ അലോസരപ്പെടുത്തിയിരുന്നു. അന്നു മുതല്‍ ദീപിക സംഘ്പരിവാര്‍ സംഘടനകളുടെ കണ്ണിലെ കരടാണ്. സിഎഎ സമരത്തിന് പാകിസ്ഥാനില്‍ നിന്നും ദീപിക അഞ്ച് കോടി രൂപ വാങ്ങിയതായി അന്നുതന്നെ ഹിന്ദുത്വ സംഘടനാ നേതാക്കള്‍ പ്രചരിപ്പിച്ചു. ദീപിക പദുകോണിന് തന്റേതായ പാരമ്പര്യമുണ്ട്. ഇന്ത്യയും ലോകവും ഏറെ ആദരിച്ചിരുന്ന പ്രശസ്ത ബാഡ്‌മിന്റണ്‍ താരമായിരുന്ന പ്രകാശ് പദുകോണിന്റെ മകളാണ് ദീപിക. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവമായി ഇടപെടുന്നുമുണ്ട്. പ്രശസ്ത ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനും നിരവധി നടന്മാരും സംഘ്പരിവാര്‍ സംഘടനകളുടെ നോട്ടപ്പുള്ളികളാണ്. തങ്ങള്‍ വരച്ച വരയില്‍ വരാത്തവരെയെല്ലാം പാകിസ്ഥാന്റെയും ഐഎസ്ഐയുടെയും ചാരന്‍മാരെന്ന് പ്രചരിപ്പിക്കാനാണ് സംഘ്പരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നത്. സ്വതന്ത്രമായ ചിന്താഗതി ഉയര്‍ത്തിപ്പിടിക്കുകയും ഇന്ത്യയുടെ മതേതര ജനാധിപത്യ സങ്കല്പങ്ങള്‍ക്കായി നിലകൊള്ളുകയും ചെയ്യുന്ന ബുദ്ധിജീവികള്‍, കലാകാരന്മാര്‍, സാഹിത്യകാരന്മാര്‍, സിനിമാ പ്രവര്‍ത്തകര്‍ ഇവര്‍ക്കെല്ലാം എതിരായി കടുത്ത ആക്രമണങ്ങള്‍ നടക്കുന്നത് അതിന്റെ ഭാഗമാണ്. ദേശവിരുദ്ധര്‍ എന്ന് മുദ്രകുത്തി ദീപിക പദുകോണിനും ഷാരൂഖ് ഖാനും എതിരെ പത്താന്‍ സിനിമയിലെ നൃത്തരംഗത്തിന്റെ പേരില്‍ നടക്കുന്ന പ്രചരണത്തിന്റെ ലക്ഷ്യവും ഇന്ത്യയുടെ ജനാധിപത്യ മതനിരപേക്ഷബോധത്തെ കുഴിച്ചുമൂടുക എന്നതാണ്.