26 July 2024, Friday
KSFE Galaxy Chits Banner 2

അടിവസ്ത്രത്തില്‍ വര്‍ഗീയത തിരയുന്ന മാനസിക ജീര്‍ണത

Janayugom Webdesk
December 17, 2022 5:00 am

ഷാരൂഖ് ഖാനും ദീപികാ പദുകോണും പ്രധാന വേഷങ്ങളിലെത്തുന്ന പത്താന്‍ എന്ന ചലച്ചിത്രം പുറത്തിറങ്ങുന്നതിനു മുമ്പേ സംഘ്പരിവാര്‍ പ്രഭൃതികളുടെ വിദ്വേഷത്തിനിരയായിരിക്കുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം അടുത്ത മാസമേയുള്ളൂ എങ്കിലും അതിന് മുന്നോടിയായി പുറത്തിറക്കിയ ഗാനരംഗങ്ങള്‍ക്കെതിരെയാണ് വലതുപക്ഷ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനം നല്കിയവരില്‍ ബിജെപി മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ട്. ചലച്ചിത്രത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കമെന്തെന്ന് പൂര്‍ണമായും പുറത്തുവന്നിട്ടില്ല. എങ്കിലും ഗാനരംഗത്തിലെ അടിവസ്ത്രത്തിന്റെ നിറം അശ്ലീലതയുമായി കൂട്ടിക്കെട്ടിയാണ് ആദ്യമവര്‍ വിദ്വേഷ പ്രചരണം തുടങ്ങിയത്. ഗാനരംഗത്തില്‍ പദുകോണ്‍ ധരിച്ച അടിവസ്ത്രത്തിന്റെ നിറം കാവിയാണെന്നും അത് ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നുമായിരുന്നു പ്രചരണം. ഗാനത്തിലെ ചില രംഗങ്ങള്‍ കാവി നിറത്തെ അപമാനിക്കുന്നുവെന്നായിരുന്നു മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ആരോപണം. പച്ചയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങൾ മോശമായ രീതിയില്‍ ധരിച്ചാണ് ഗാന രംഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയുണ്ടായി. ഈ ചിത്രത്തിലെ വസ്ത്രങ്ങളുടെ നിറം, പാട്ടിന്റെ വരികൾ, ചിത്രത്തിന്റെ പേര് എന്നിവ മാറ്റുന്നില്ലെങ്കില്‍ പ്രദർശനാനുമതി നല്കണോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്ന മുന്നറിയിപ്പും അദ്ദേഹത്തില്‍ നിന്നുണ്ടായി. ഗാനരംഗത്തിന്റെ ഉള്ളടക്കത്തിൽ ഹിന്ദു സമൂഹം അസ്വസ്ഥരാണെന്ന് ഹിന്ദുമത വിശ്വാസികളുടെ മൊത്താവകാശം ഏറ്റെടുത്താണ് ചില സംഘടനകള്‍ രംഗം കൊഴുപ്പിച്ചത്. ഗാനത്തിന്റെ തലക്കെട്ടായ “ബേഷാരം രംഗ്” എന്നതിന്റെ അര്‍ത്ഥം ചികഞ്ഞുപോയാണ് മറ്റു ചിലര്‍ അശ്ലീലം കണ്ടെത്തിയത്. ഇതിനുപിന്നാലെ നായികാനായകന്മാരുടെ കോലം കത്തിച്ചുള്ള പ്രതിഷേധവും സംഘ്പരിവാര്‍ സംഘടനകള്‍ നടത്തി. പത്താന്‍ സിനിമ നിരോധിക്കണമെന്നുവരെ ആവശ്യമുന്നയിച്ചു.


ഇതുകൂടി വായിക്കൂ: സാങ്കല്പിക ഭീഷണികളും വാചാടോപവും


മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ഒരു ഗാനരംഗത്തില്‍ അഞ്ചു സെക്കന്റില്‍ താഴെ മാത്രം കാണാനാവുന്ന അടിവസ്ത്രത്തിന്റെ നിറം തേടിയതിലെ മാനസിക ജീര്‍ണത തുറന്നുകാട്ടപ്പെട്ടപ്പോള്‍ തങ്ങളുടെ പതിവ് രീതിയനുസരിച്ച് വ്യാജവ്യാഖ്യാനങ്ങള്‍ ചമച്ച് കുപ്രചരണങ്ങളായി പിന്നീട്. ദീപികാ പദുകോണും ഷാരൂഖ് ഖാനും ചേര്‍ന്നുള്ള രംഗ ങ്ങളില്‍ നിറയെ വസ്ത്രവൈവിധ്യം കാണാവുന്നതാണ്. വിവിധ നിറങ്ങളിലുള്ള വേഷങ്ങളണിഞ്ഞാണ് ദീപിക നൃത്തച്ചുവടുകള്‍ വയ്ക്കുന്നത്. അതില്‍ വളരെ കുറച്ചു സെക്കന്റുകള്‍ മാത്രമുള്ള വസ്ത്രത്തിന്റെ, അതും അടിവസ്ത്രത്തിന്റെ നിറം കണ്ടെത്തണമെങ്കില്‍ അശ്ലീലം വല്ലാതെ നിറഞ്ഞ് ജീര്‍ണിച്ച മനസുണ്ടാകണം. സമൂഹമാധ്യമങ്ങളില്‍ അതിനെതിരെ പരിഹാസങ്ങളും പ്രചരണങ്ങളും നിറഞ്ഞപ്പോഴാണ് പതിവ് രീതിയില്‍ ലൗജിഹാദ്, സാമൂഹ്യ പ്രശ്നങ്ങളില്‍ ദീപികാ പദുകോണിന്റെ നിലപാടുകള്‍, ഷാരൂഖ് ഖാന്റെ മതം എന്നീ വിഷയങ്ങളിലേയ്ക്ക് വിവാദത്തെ വഴിതിരിച്ചുവിട്ടത്.


ഇതുകൂടി വായിക്കൂ: തീവ്രഹിന്ദുത്വ വാദികളുടെ ദേശീയത


ഇരുവരുടെയും മതം പറഞ്ഞ്, സിനിമയുടെ ഇതിവൃത്തം ലൗജിഹാദാണെന്നാണ് പ്രചരിപ്പിക്കുന്നത്. ഫാസിസ്റ്റ് പ്രതിരോധത്തിന്റെ പ്രമുഖ കേന്ദ്രങ്ങളില്‍ ഒന്നായ ജവഹര്‍ ലാല്‍ നെഹ്രു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ പിന്തുണച്ചതാണ് ദീപികയ്ക്കുമേല്‍ ചാര്‍ത്തപ്പെടുന്ന മറ്റൊരു കുറ്റം. വെറുപ്പിന്റെ പ്രചാരകരില്‍ നിന്ന് ഇത്തരം വിവാദസൃഷ്ടി ഇതാദ്യമല്ല. നടീനടന്മാരുടെ ജാതിയും നിലപാടുകളുടെ ജാതകവും കണ്ടുപിടിച്ച് ചലച്ചിത്രങ്ങളെയും മറ്റ് സര്‍ഗസൃഷ്ടികളെയും എതിര്‍ക്കുകയെന്നത് സംഘ്പരിവാര്‍ തിമിരബാധിതരുടെ സ്ഥിരം പരിപാടിയാണ്. പത്മാവതി എന്ന സിനിമയ്ക്കെതിരെ സമീപകാലത്ത് ഇത്തരമൊരു വിവാദമുണ്ടാക്കി. ഉള്ളടക്കത്തെക്കാള്‍ ദീപികാ പദുകോണ്‍ അഭിനയിക്കുന്നുവെന്നതിന്റെ അസഹിഷ്ണുതയാണ് അന്നും മുഴച്ചുനിന്നത്. ഷാരൂഖ് ഖാന്റെ തന്നെ മറ്റൊരു സിനിമ അശോകയും സംഘ്പരിവാറിന്റെ എതിര്‍പ്പിനിടയാക്കി. ദീപികാ പദുക്കോണ്‍ അഭിനയിച്ച ബജിരാവോ മസ്താനിയും എതിര്‍പ്പ് നേരിട്ട ചിത്രങ്ങളില്‍ ഒന്നാണ്. ഇന്നലെ മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ രാം കദം, ഡൽഹി ജവഹർലാൽ നെഹ്രു സര്‍വകലാശാലയിൽ ദീപികാ പദുകോൺ എത്തിയത് രാജ്യദ്രോഹികളെ പിന്തുണച്ചുകൊണ്ടാണെന്ന് ആരോപിക്കുകയും ചെയ്തു. ഇതോടെ താരത്തിന്റെ മാനസികാവസ്ഥ എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേസമയം തങ്ങളുന്നയിക്കുന്ന വെറുപ്പിന്റെയും ജീര്‍ണതയുടെയും രാഷ്ട്രീയവും വിഷയങ്ങളും അതേപോലെ പ്രചരിപ്പിക്കുന്ന ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല നികുതിയിളവുകള്‍ നല്കി സാമ്പത്തിക ലാഭമുണ്ടാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. വിവാദമായ കശ്മീരി ഫയല്‍സ് എന്ന ചിത്രം അതിനുദാഹരണമാണ്. ഇതില്‍ നിന്നെല്ലാം സിനിമയുടെ കഥയോ ഗാനത്തിലെ ചിത്രങ്ങളോ അല്ല യഥാര്‍ത്ഥ പ്രശ്നമെന്ന് വ്യക്തമാകുന്നു. ഇപ്പോഴത്തെ വിവാദത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയം മാത്രമല്ലെന്ന് വേര്‍തിരിച്ചറിയേണ്ടതുണ്ട്. അഭിനയവേളയില്‍ നടി ധരിക്കുന്ന അടിവസ്ത്രത്തിന്റെ നിറം തേടിപ്പിടിക്കുകയും അതില്‍ മതവികാരം കലര്‍ത്തി കലാപശ്രമം നടത്തുകയും ചെയ്യുന്ന അശ്ലീലമാണ് തിരിച്ചറിയേണ്ടത്. അതൊരുതരം മാനസികരോഗം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.