Site iconSite icon Janayugom Online

പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ്; ഒരു കോടി രൂപയുടെ സഹായം കൈമാറി

പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സ്‌നേഹസഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി റംസാൻ സമ്മാനമായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്. ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. 

റംസാന്‍ കാലത്തും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വര്‍ഷവും ഗാന്ധിഭവന് യൂസഫലി നല്‍കിവരുന്നത്.
കടുത്ത സാമ്പത്തികപ്രതിസന്ധികളില്‍ നിന്നും മുക്തി നേടുന്നതിനൊപ്പം റംസാന്‍ കാലത്ത് വലിയ ആശ്വാസമാകുന്നതുകൂടിയാണ് ഈ സഹായമെന്ന് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിങ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു. ഒമ്പത് വര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അന്തേവാസികളുടെ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥാപനത്തിന്റെ സാമ്പത്തികക്ലേശങ്ങളും മനസിലാക്കിയതോടെയാണ് ഓരോ വര്‍ഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാനാരംഭിച്ചത്. 

Exit mobile version