Site iconSite icon Janayugom Online

പഠന മികവിനൊപ്പം കായിക പ്രതിഭകളെ കണ്ടെത്താന്‍ പത്തിയൂർ ഹൈസ്കൂള്‍

പഠന മികവിനൊപ്പം കായിക മികവിനായി പത്തിയൂർ പഞ്ചായത്ത് ഗവണ്‍മെന്റ് ഹൈസ്ക്കൂൾ. തുടർച്ചയായി ഏഴ് വർഷമായി എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി നാടിന് മാതൃകയായ ഈ സ്ക്കൂൾ കായിക രംഗത്ത് മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. സ്കൂളിലെ വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിനായി അവധികാല കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു.

സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച പരിശീലന ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് ഉദ്ഘാടനം ചെയ്തു. എസ് എം സി ചെയർമാൻ ജി ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹോക്കി — ഫുട്ബോൾ, അത്‌ലറ്റിക്സ്, യോഗ എന്നീ കായിക ഇനങ്ങളിലാണ് പരിശീലനം നൽകുന്നത്. കുട്ടികളുടെ കായിക മികവ് തിരിച്ചറിയുന്നതിനായി സെലക്ഷൻ നടത്തി തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനമാണ് നൽകുന്നത്. ക്യാമ്പിൽ അറുപതോളം കുട്ടികളാണ് പങ്കെടുക്കുന്നത്. സ്കൂളിലെ കായികാദ്ധ്യാപകനായ സന്ദീപാണ് ക്യാമ്പിന് നേതൃത്വം നൽകുന്നത്. സ്കൂളിലെ എട്ട് വിദ്യാർത്ഥികൾ ജില്ലാ ഹോക്കി ടീമിലേക്ക് കഴിഞ്ഞ വർഷം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സ്കൂളിലെ നിരവധി കുട്ടികളാണ് കായിക രംഗത്ത് കഴിവ് തെളിയിച്ചത്. പ്രഥമ അദ്ധ്യാപിക അനിതാകുമാരി, ഡി കിരൺ, രഞ്ജിത്ത്, വിശ്വലാൽ, സന്ദീപ് എന്നിവർ സംസാരിച്ചു.

Exit mobile version