മലയാള സിനിമാ മേഖലയ്ക്ക് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് വിനയനെന്ന സംവിധാനകൻ. പ്രേക്ഷകരെ അടിമുടി ആവേശത്തിൽ ആറാടിക്കുന്ന ചിത്രം പത്തൊൻപതാം നൂറ്റാണ്ടിലൂടെ വിനയന്‍ അതിശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നു. സിജു വിൽസൻ എന്ന നടന്റെ ആക്ഷൻ താരമായിട്ടുള്ള പിറവി കൂടിയാണ് ചിത്രം. പ്രേക്ഷകർക്ക് ഓണസമ്മാനമായി തീയേറ്ററുകളിൽ കൈയ്യടി നേടി, പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് ചിത്രം.
ആയിരത്തി എണ്ണൂറുകളിലെ തിരുവിതാംകൂറിലെ ജാതി വ്യവസ്ഥയും അതിനെതിരെ പൊരുതിയ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വ്യക്തിയുടെയും ജീവിതം പ്രേക്ഷകർക്ക് പുത്തൻ അനുഭവമായി മാറുകയാണിവിടെ. നോട്ടത്തിലും ഭാവത്തിലും ചങ്കുറപ്പുള്ള ആക്ഷൻ രംഗങ്ങൾ ഉൾപ്പെടെ മികച്ച പ്രകടനവുമായി ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന നവോത്ഥാന നായകനായി സിജു സ്ക്രീനിൽ തിളങ്ങുന്ന കാഴ്ച ചിത്രത്തിലെങ്ങും കാണാം. നങ്ങേലിയായി എത്തിയ കയാദു ലോഹറിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ദൃശ്യഭംഗിയോടെ വലിച്ചു നീട്ടാതെ ഒതുക്കത്തിലുള്ള കഥയുടെ ഒഴുക്കും, സംവിധായകന്റെ തിരക്കഥയും എടുത്തു പറയേണ്ട ഒന്നാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ വിനയൻ എന്ന സംവിധായകന്റെ മാസ്റ്റർ പീസ് ചിത്രം.
കാലങ്ങൾക്ക് മുമ്പുള്ള അശരണരായ മനുഷ്യരുടെ ജീവിതങ്ങൾ പറയുന്നതാണ് വിനയന്റെ ചിത്രം. നാടുവാഴികളും പ്രഭുക്കന്മാരും തിരുവിതാംകൂറിനെ ബ്രിട്ടീഷുകാർക്ക് മുന്നിൽ അടിയറവ് വച്ചപ്പോൾ ദുരിതം പേറുന്ന താഴ്ന്നജാതിക്കാരെ കാണാൻ ആരുമുണ്ടായില്ല. തിരുവിതാംകൂറിലെ നടന്നു വന്നിരുന്ന മുലക്കരം, തലക്കരം, മീശക്കരം തുടങ്ങി താഴ്ന്നജാതിക്കാരോടുള്ള നിരവധി അനീതികളാണ് ചിത്രത്തിൽ വ്യക്തമാക്കുന്നത്. മാറുമറയ്ക്കാൻ പോലും അവകാശമില്ലാതിരുന്ന ഈഴവപ്പെണ്ണുങ്ങളുടെയും ഏറെ ദുരിതം അനുഭവിക്കുന്ന അടിയാളന്മാരുടെയും രക്ഷകനായി ആറാട്ടുപുഴ വേലായുധപ്പണിക്കർ എത്തുന്നു. തിരുവിതാംകൂർ മഹാരാജാവായി അനൂപ് മേനോന്റെ മികച്ച പ്രകടനം ചിത്രത്തിൽ കാണാം. സേനാനായകനോ നാടുവാഴിക്കോ കഴിയാത്ത, പദ്മനാഭസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചുകൊണ്ടുപോയ കായംകുളം കൊച്ചുണ്ണിയെ കീഴ്പ്പെടുത്തുന്ന വേലായുധപ്പണിക്കരുടെ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന് കൂടുതൽ മിഴിവേകി. പാവങ്ങളുടെ പ്രിയപ്പെട്ടവൻ കായംകുളം കൊച്ചുണ്ണിയാണ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രം. കളളൻ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് തകർത്തു. മെയ് വഴക്കത്തോടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിൽ പ്രകടനം കാഴ്ചവയ്ക്കാൻ ചെമ്പൻ വിനോദിന് സാധിച്ചു. മുലക്കരത്തിനെതിരെ ശക്തമായി പ്രതികരിച്ച് മാർക്കച്ച അഴിക്കാൻ വന്ന അധികാരികൾക്ക് മുമ്പിൽ സ്വന്തം മുലകൾ അരിഞ്ഞു ജീവൻ വെടിഞ്ഞ നങ്ങേലിയെന്ന ശക്തമായ കഥാപാത്രവും പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നുണ്ട് സംവിധായകൻ. ആ ഒരു രംഗം സ്ക്രീനിലെത്തുമ്പോൾ തീയേറ്റുറുകളിൽ പ്രേക്ഷകർ ഒരു നിമിഷം നിശ്ബദമാകുന്നു. നങ്ങേലിയായി എത്തിയ കയാദു ലോഹറുവിന്റെ പ്രകടനം അത്രമാത്രം മികച്ചതായിരുന്നു. നങ്ങേലിയുടെ അച്ഛനായി എത്തുന്ന മലയാളത്തിലെ തന്നെ മികച്ച നടന്റെ അഭിനയ പ്രകടനം പ്രേക്ഷകർ ഒട്ടും പ്രതീക്ഷക്കാത്തതായിരുന്നു. ചിലരെങ്കിലും ആ രംഗങ്ങൾ കണ്ട് ഒരിറ്റ് കണ്ണുനീർ പൊഴിക്കാതിരുന്നിട്ടുണ്ടാവില്ല.
ചിത്രത്തിന് അനുയോജ്യമായ രീതിയിൽ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാൻ സംവിധായകന് കഴിഞ്ഞു എന്നത് തന്നെയാണ് ചിത്രത്തിന്റെ വിജയ രഹസ്യങ്ങളിലൊന്ന്. പുത്തൻ താരോദയത്തിന് സൂചന നൽകി കൊണ്ട് പപ്പുകുറിപ്പിന്റെ മകൻ കണ്ണൻ കുറുപ്പ് എന്ന പ്രധാന കഥാപാത്രമായി വിനയന്റെ മകൻ വിഷ്ണു വിനയ് അസാധ്യ പ്രകടനം ചിത്രത്തിൽ കാഴ്ചവയ്ക്കുന്നുണ്ട്. ഒപ്പം പ്രേക്ഷക ഹൃദയം കീഴടക്കി ഗോകുലം ഗോപാലനും മികച്ച വേഷത്തിൽ എത്തുന്നു. രാഘവൻ, ഇന്ദ്രൻസ്, സുദേവ് നായർ, സുരേഷ് കൃഷ്‍ണ, സെന്തിൽ കൃഷ്‍ണ, ടിനി ടോം, ശിവജി ഗുരുവായൂർ, സുധീർ കരമന, കൃഷ്‍ണ, ദീപ്‍തി സതി, പൂനം ബജ്‍വ ചിത്രത്തിന് അനുയോജ്യമായ രീതിയിൽ പ്രകടനം കാഴ്ച വയ്ക്കുന്നു. കലാവിഭാഗം അതിഗംഭീരമായി പ്രേക്ഷകിരിലേക്കെത്തിച്ചിരിക്കുന്നത് അജയൻ ചാലിശ്ശേരിയാണ്. പി എം സതീഷ്, മനോജ് ഗോസ്വാമി എന്നിവരാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ചെയ്‍തിരിക്കുന്നത്. സുപ്രീം സുന്ദർ, രാജശേഖർ എന്നിവരാണ് സംഘടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണന്റെ സംഗീതം ചിത്രത്തെ മറ്റൊരുതലത്തിലേക്കെത്തിക്കുന്നു. കൂടെ ചേർത്ത് വയ്ക്കാൻ എം ജയചന്ദ്രന്റെ ഗാനങ്ങളും. ഇവക്കെല്ലാം യോജിച്ച രീതിയിൽ കാമറ ചലിപ്പിച്ച് ഷാജികുമാറും എഡിറ്റിങ്ങിൽ വിവേക് ഹർഷനും.
ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വി സി പ്രവീണും ബൈജു ഗോപാലനുമാണ് സഹ നിർമ്മാതാക്കൾ. ആയോധന മുറകളും അസാമാന്യമായ മെയ് വഴക്കവും കൈമുതലായ കഥാപാത്രങ്ങൾ നടനമാടിയ ചിത്രം, ചരിത്ര സിനിമകൾ നമ്മളിൽ കണ്ട് വന്നിരുന്ന ഗ്രാഫിക്സുകളുടെ കടന്നു കയറ്റമില്ലാത്ത ചിത്രം, അങ്ങനെ ഒരുപാട് പ്രത്യകതകളുണ്ട് ചിത്രത്തിന്. തിരുവിതാംകൂറിന്റെ ഇരുണ്ട കാലഘട്ടവും ചെറുത്തുനിൽപ്പിന്റേയും പോരാട്ടങ്ങളുടെയും കഥ. വേലായുധപ്പണിക്കരേയും നങ്ങേലിയെയും ഒരോ പ്രേക്ഷകന്റെയും മനസില്‍ പതിപ്പിച്ച് മലയാള സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം രചിക്കുകയാണ് പത്തൊൻപതാം നൂറ്റാണ്ടിലൂടെ വിനയൻ എന്ന സംവിധായൻ.